കോവിഡ് ലോക്ഡൗണ്‍ നിലവിലിരിക്കെ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുണ്ട്…
പ്രീമിയര്‍ ലീഗ് കിരീടം മൂന്ന് പതിറ്റാണ്ടിന് ശേഷം ആന്‍ഫീല്‍ഡിലെത്തിയത് ആഘോഷിക്കാതിരിക്കാനായില്ല ലിവര്‍പൂള്‍ ആരാധകര്‍ക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ‘വീടുകളില്‍ ആഘോഷിക്കൂ’ എന്ന നിര്‍ദേശം പാലിക്കാതെ ആന്‍ഫീല്‍ഡിന് ചുറ്റും ഒത്തുകൂടിയത് ആയിരങ്ങള്‍. ഉച്ചത്തില്‍ പാട്ടുവെച്ചും നൃത്തം ചവിട്ടിയും പൂത്തിരികള്‍ കത്തിച്ചും ഹോണ്‍ മുഴക്കിക്കൊണ്ട് കാറുകളിലെത്തിയും അവര്‍ ഈ രാത്രി ആഘോഷത്തിന്റേതാക്കി.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുമുണ്ട്. നേരത്തെ ഇറ്റാലിയന്‍ കപ്പ് നാപ്പോളി നേടിയപ്പോള്‍ നാപ്പോളി ആരാധകര്‍ തെരുവിലിറങ്ങിയതും വാര്‍ത്തയായിരുന്നു. ആരാധകരുടെ ആവേശങ്ങള്‍ക്കിടയിലേക്ക് കടിഞ്ഞാണില്ലാതെ കോവിഡ് പടരുമോ എന്ന ആശങ്ക ലോകാരോഗ്യ സംഘടന തന്നെ പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇറ്റലിയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നപ്പോള്‍ കാരണങ്ങളിലൊന്ന് അറ്റ്‌ലാന്റ – വലന്‍സിയ ചാമ്പ്യന്‍സ് ലീഗ് മത്സരമാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.
മുന്‍കരുതലുകളില്ലാതെ പുരുഷന്മാരിലെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യോക്കോവിച്ച് സംഘടിപ്പിച്ച ആഡ്രിയ ടൂര്‍ വലിയ ദുരന്തത്തിലാണ് അവസാനിച്ചത്. യോക്കോവിച്ച് അടക്കം നാല് ടെന്നീസ് താരങ്ങള്‍ക്കും അവരുടെ ജീവിത പങ്കാളികളും ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്ന് പിന്മാറിയ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആഡ്രിയ ടൂറിന്റെ ഫൈനല്‍ റദ്ദാക്കാന്‍ യോക്കോവിച്ചും കൂട്ടരും നിര്‍ബന്ധിതരാവുകയായിരുന്നു.