Football Sports

പ്രീമിയര്‍ ലീഗ് കൊറോണ കൊണ്ടുപോകുമോ? ലിവര്‍പൂളിന് കിരീടം നല്‍കുന്നത് ന്യായമല്ലെന്ന് ഷിയറര്‍

ഒമ്പത് മത്സരങ്ങള്‍ കൂടിയുള്ളപ്പോള്‍ വെറും രണ്ട് ജയം മാത്രം മതി ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍. പക്ഷേ കൊറോണയുടെ വരവോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു…

പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാകാതെ ഏകപക്ഷീയമായി ലിവര്‍പൂളിന് കിരീടം നല്‍കുന്നത് ന്യായമല്ലെന്ന് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവും പ്രീമിയര്‍ ലീഗിലെ റെക്കോഡ് ഗോള്‍ സ്‌കോററുമായ അലന്‍ ഷിയറര്‍. ലിവര്‍പൂള്‍ കിരീടത്തിനോട് ഏറ്റവും അടുത്താണെങ്കിലും സീസണ്‍ പൂര്‍ത്തിയാവുകയോ ലിവര്‍പൂള്‍ ആവശ്യമായ പോയിന്റുകള്‍ നേടുകയോ ചെയ്യാതെ അവര്‍ക്ക് കിരീടം നല്‍കാനാവില്ലെന്നാണ് അലന്‍ ഷിയറര്‍ ഇംഗ്ലീഷ് മാധ്യമമായ ദ സണിനോട് പറഞ്ഞത്.

ഇനിയും ഒമ്പത് മത്സരങ്ങള്‍ കൂടിയുള്ളപ്പോള്‍ വെറും രണ്ട് ജയം മാത്രം മതി ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കമാണ് ക്ലോപിന്റെ സംഘത്തിനുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ വരവോടെ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചത് ലിവര്‍പൂളിന്റെ ഉറച്ച കിരീട സാധ്യതകള്‍ക്കുമേല്‍ കൂടിയാണ് നിഴല്‍വീഴ്ത്തുന്നത്.

സീസണ്‍ പൂര്‍ത്തിയാവാതെ നിങ്ങള്‍ക്ക് ചാമ്പ്യനേയും തോറ്റവരേയും തീരുമാനിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ചില ക്ലബുകള്‍ക്ക് പ്രത്യേകിച്ചും ലിവര്‍പൂളിന് വലിയ തിരിച്ചടിയാകും. എങ്കിലും ആവശ്യമായ പോയിന്റുകള്‍ നേടുകയോ സീസണ്‍ പൂര്‍ത്തിയാവുകയോ ചെയ്യാതെ ചാമ്പ്യനെ തെരഞ്ഞെടുക്കുന്നത് ശരിയല്ല’ അലന്‍ ഷിയറര്‍ പറഞ്ഞു.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ നാല് വരെ പ്രീമിയര്‍ ലീഗ് നീട്ടിയിരിക്കുകയാണ്. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനൊടുവിലായിരുന്നു തീരുമാനം. ബാക്കിയുള്ള മത്സരങ്ങള്‍ നടക്കാതിരിക്കാനാണ് 75ശതമാനവും സാധ്യതയെന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടു ചെയ്തത്.

29 കളികളില്‍ 27 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഈ സീസണില്‍ വന്‍ ഫോമിലാണ് ലിവര്‍പൂള്‍. എതിരാളികള്‍ പോലും ലിവര്‍പൂളിന് വിട്ടുകൊടുത്ത ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം കോവിഡ് 19 തട്ടിയെടുക്കുമോ എന്നതാണ് ഉയരുന്ന ആശങ്ക.