Football Sports

മെസിക്ക് പകരം രണ്ട് സൂപ്പര്‍താരങ്ങള്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കാന്‍ ബാഴ്‌സ

31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്…

2004ല്‍ ബാഴ്‌സലോണയില്‍ കളിച്ചു തുടങ്ങിയതിനു ശേഷം പകരക്കാരില്ലാത്ത പ്രതിഭയാണ് ലയണല്‍ മെസി. ആറ് തവണ ബാലണ്‍ ഡി ഓര്‍, പത്ത് ലാലിഗ, ആറ് കോപ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് വ്യക്തിപരമായും ടീമിനായും മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. 31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബാഴ്‌സലോണയുടേയും അര്‍ജന്റീനയുടേയും കളി നിയന്ത്രിക്കുന്നത് ഇപ്പോഴും മെസി തന്നെയാണ്. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ മെസിയുടെ ഇടംകാലില്‍ തന്നെയാകും ഈ ടീമുകളുടെ നിയന്ത്രണം. അതേസമയം ഭാവിയില്‍ മെസി കളി നിര്‍ത്തിയാല്‍ സംഭവിക്കാനിടയുള്ള ശൂന്യത ഒഴിവാക്കാനാണ് ഇപ്പോള്‍ തന്നെ ബാഴ്‌സലോണ ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്.


ഒരു കളിക്കാരനെ കൊണ്ട് മെസിയെ പകരം വെക്കാനാകുമെന്ന പ്രതീക്ഷ ബാഴ്‌സലോണക്കില്ല. പകരം രണ്ട് സൂപ്പര്‍താരങ്ങളെയെങ്കിലും ബാഴ്‌സലോണയിലെത്തിക്കാനാണ് ക്ലബിന്റെ പദ്ധതി. അര്‍ജന്റീനയില്‍ മെസിയുടെ സഹതാരമായ ലൊട്ടാരോ മാര്‍ട്ടിനസും നെയ്മറുമാണ് ഈ പട്ടികയില്‍ മുന്‍ നിരയിലുള്ളവര്‍.

ഏറെക്കാലമായി മെസിയുടെ പകരക്കാരനായി പറഞ്ഞുകേള്‍ക്കുന്ന യുവതാരമാണ് ലൊട്ടാരോ മാര്‍ട്ടിനസ്. അര്‍ജന്റീനയില്‍ മെസിക്കൊപ്പം മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്നുവെന്നതാണ് 22കാരനായ മാര്‍ട്ടിനസിന്റെ പ്രധാന ആകര്‍ഷണം. മാര്‍ട്ടിനസിനായി ഇന്റര്‍മിലാനുമായി 80 ദശലക്ഷം ഡോളറിന്റെ കരാറില്‍ ബാഴ്‌സലോണ എത്തിയെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

നെയ്മറിന്റെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവും ഏറെക്കാലമായി കേള്‍ക്കുന്നുണ്ട്. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ നടപടികള്‍ക്കൊടുവില്‍ നെയ്മറേയും ബാഴ്‌സ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. 2017ല്‍ പി.എസ്.ജിയിലേക്ക് റെക്കോഡ് തുകക്കാണ് നെയ്മര്‍ പോയത്. മെസിയുടെ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാനുള്ള സൂചനകള്‍ അടുത്തിടെയായി നെയ്മര്‍ നല്‍കുന്നുമുണ്ട്.

നെയ്മറും മാര്‍ട്ടിനസും എത്തുന്നതോടെ ബാഴ്‌സലോണയില്‍ മെസി അനുഭവിക്കുന്ന ഏകാന്തതക്ക് ശമനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുവാരസും ഡെംബലെയും പരിക്കില്‍ വലയുകയും ഗ്രീസ്മാന്‍ പ്രതീക്ഷിച്ച പോലെ തിളങ്ങാനാവാതെ വരികയും ചെയ്തതോടെയാണ് ബാഴ്‌സലോണയുടെ സമ്മര്‍ദം മെസിക്ക് മുകളിലായത്.

2006-07 സീസണ്‍ മുതല്‍ ഇന്നുവരെ നാല് തവണയാണ് ഒരു സീസണില്‍ 15ലേറെ ഗോളുകളും അസിസ്റ്റും മെസി നേടിയത്. യൂറോപിലെ ആദ്യ അഞ്ച് ഡിവിഷനുകളില്‍ ഇത് റെക്കോഡാണ്. ഈഡന്‍ ഹസാര്‍ഡ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോക്കും സുവാരസിനും ഓരോ തവണ മാത്രമേ ഇതിനായുള്ളൂ. ഗോളടിക്കുന്നതിനൊപ്പം അടിപ്പിക്കാനും മെസി നേരിടുന്ന സമ്മര്‍ദത്തിന്റെ സൂചകമാണീ കണക്ക്. ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമെറിഞ്ഞ് സൂപ്പര്‍താരങ്ങളെ സ്വന്തമാക്കുന്നതോടെ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.