ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. (lionel messi left barcelona)
മെസിയുടെ കരാർ പുതുക്കാനുള്ള ബാഴ്സലോണയുടെ ശ്രമം പരാജയപ്പെട്ടു എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾഡോട്ട്‌കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മെസിയും പിതാവും ബാഴ്സലോന പ്രസിഡൻ്റ് യുവാൻ ലപോർട്ടയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടെന്നും കരാർ നീട്ടാൻ മെസി വിസമ്മതിച്ചു എന്നുമായിരുന്നു റിപ്പോർട്ട്. വ്യാഴാഴ്ച മെസിയുമായുള്ള കരാർ ഒപ്പുവെക്കാനാണ് ബാഴ്സലോണ തീരുമാനിച്ചിരുന്നത്.
മെസിയുമായി ബാഴ്സലോണ കരാർ ദീർഘിപ്പിക്കുക എന്നത് അസാധ്യമാണെന്ന് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാഴ്സ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഇത്തരത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലബ് പ്രസിഡൻ്റിന് ഇക്കാര്യം വ്യക്തമായെന്നും ഏറെ വൈകാതെ ഔദ്യോഗിക തീരുമാനം ഉണ്ടാവുമെന്നും മാഴ്സ റിപ്പോർട്ട് ചെയ്തു.
നേരത്തെ, മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ജൂൺ ആദ്യം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നായിരുന്നു റിപ്പോർട്ട്. പിന്നീട് താരം അഞ്ച് വർഷത്തേക്ക് ക്ലബുമായി കരാറിൽ ഏർപ്പെട്ടു എന്നും ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും സൂചനകൾ പുറത്തുവന്നു. ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ.
മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോൾ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്സ പുതുതായി സൈൻ ചെയ്ത സെർജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാൻ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്. ഈ നിബന്ധനകളൊക്കെ ഉൾപ്പെടുത്തിയായിരുന്നു അഞ്ച് വർഷത്തെ കരാർ.
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.