അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ തുടരും. മെസി ബാഴ്സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
”ബാഴ്സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്നങ്ങൾ കാരണം ക്ലബ് വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെൻറ് ദുരന്തമാണ്” – അന്താരാഷ്ട്ര ഫുട്ബാൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു.
തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു.
മെസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മെസിയുടെ പിതാവും ഏജൻറുമായ ഹോർഹെ മെസ്സിയുമായി ബാഴ്സ പ്രസിഡൻറ് ജോസപ് മരിയ ബർതമ്യൂ നടത്തിയ ചർച്ചയിൽ ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.