കുറസാവോയ്ക്കെതിരായ സൗഹൃദമത്സരത്തിൽ അർജൻ്റീനയ്ക്ക് വമ്പൻ ജയം. മടക്കമില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഹാട്രിക്ക് നേടി. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ 100 ഗോൾ തികയ്ക്കുന്ന താരമായും മെസി മാറി. നിക്കോളാസ് ഗോൺസാലൻസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയെൽ എന്നിവരാണ് അർജൻ്റീനയുടെ മറ്റ് സ്കോറർമാർ.
മത്സരത്തിൻ്റെ 20ആം മിനിട്ടിൽ മെസിയിലൂടെയാണ് അർജൻ്റീന ഗോൾ സ്കോറിംഗ് ആരംഭിച്ചത്. ലോ സെൽസോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതോടെ മെസി രാജ്യാന്തര കരിയറിൽ 100 ഗോൾ തികച്ചു. 23ആം മിനിട്ടിൽ നിക്കോളാസ് ഗോൺസാലസിലൂടെ അർജൻ്റീന ലീഡുയർത്തി. 33ആം മിനിട്ടിൽ വീണ്ടും മെസി. ഗോൺസാലസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. 35ആം മിനിട്ടിൽ മെസിയൊരുക്കിയ അവസരത്തിൽ എൻസോ ഫെർണാണ്ടസ് അർജൻ്റീനയുടെ നാലാം ഗോൾ നേടി. 37ആം മിനിട്ടിൽ ലോ സെൽസോയുടെ അസിസ്റ്റിൽ നിന്ന് വീണ്ടും വല ചലിപ്പിച്ച മെസി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി. ആദ്യ പകുതിയിൽ അർജൻ്റീന എതിരില്ലാത്ത 5 ഗോളുകൾക്ക് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 77ആം മിനിട്ട് വരെ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. 78ആം മിനിട്ടിൽ പകരക്കാരനായി എത്തിയ ഏഞ്ചൽ ഡി മരിയയിലൂടെ അർജൻ്റീന ഈ കെട്ട് പൊട്ടിച്ചു. 87ആം മിനിട്ടിൽ ഗോൺസാലോ മോണ്ടിയലിലൂടെ അർജൻ്റീനയുടെ ജയം പൂർണം.