Sports

ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആശംസകള്‍ നല്‍കിക്കൊണ്ടുള്ള ട്വീറ്റിലാണ് താരം 2020ല്‍ വിരമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 46കാരനായ പേസ് ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് മെഡലും 18 ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.

1973 ജൂണ്‍ 17ന് ബംഗാളില്‍ ജനിച്ച പേസിന്റെ 29 വര്‍ഷം നീണ്ട സുദീര്‍ഘമായ ടെന്നീസ് കരിയറിനാണ് അവസാനമാകുന്നത്. എട്ട് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 10 മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും പേസ് നേടിയിട്ടുണ്ട്. ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ(43) റെക്കോഡും ലിയാണ്ടര്‍ പേസിന്റെ പേരിലാണ്. ഖേല്‍രത്‌ന, അര്‍ജുന, പത്മശ്രീ, പത്മഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം പേസിനെ ആദരിച്ചിട്ടുണ്ട്.

2020ല്‍ തെരഞ്ഞെടുത്ത ടൂര്‍ണ്ണമെന്റുകളില്‍ മാത്രമേ പേസ് കളിക്കൂ. ടീമിനൊപ്പം യാത്ര ചെയ്യും. തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കം മകള്‍ അയാനക്കും സഹോദരിമാര്‍ക്കും നന്ദിയും പേസ് അറിയിച്ചിട്ടുണ്ട്. #OneLastRoar എന്ന ടാഗില്‍ ടെന്നീസ് ജീവിതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കുമെന്നും പേസ് വിരമിക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖേല്‍രത്‌ന, അര്‍ജുന, പത്മശ്രീ, പത്മഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം പേസിനെ ആദരിച്ചിട്ടുണ്ട്.