താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. വിവിധ ക്ലബ്ബുകളിലെ താരങ്ങളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കും. അതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക.
താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ക്ലബ്ബുകള്‍ പരിശീലന സൗകര്യങ്ങള്‍ക്ക് തയ്യാറെടുക്കുകയും എല്ലായിടങ്ങളും അണുവിമുക്തമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഈയാഴ്ച അവസാനത്തതോടെ കളിക്കാര്‍ക്ക് പരിശീലന സെഷന് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പെയിനിലെ സ്ഥിതിഗതികള്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഫുട്ബോളിന്റെ മടങ്ങിവരവ് നല്കുന്നതെന്നു സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് അറിയിച്ചു. ‘ജനങ്ങളുടെ ആരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് പ്രവചിക്കാന്‍ സാധ്യമല്ല. എങ്കിലും ജൂണില്‍ ലീഗ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്’. അദ്ദേഹം പറഞ്ഞു
മാർച്ച് 12-ന് ശേഷം ലാ ലിഗയിൽ മത്സരങ്ങൾ നടന്നിട്ടില്ല. 11 റൗണ്ടുകളാണ് നിലവില്‍ ബാക്കിയുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ബാഴ്സലോണയാണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്.