കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയർ ലീഗ് കൊച്ചിയിൽ സമാപിച്ചു. കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിൽ അഞ്ച് ദിവസങ്ങളിലായി കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കെപിഎ 123 കണ്ണൂർ കിരീടം നേടി. പ്രതികൂല കാലാവസ്ഥയിലും വാശിയേറിയ പോരാട്ടമാണ് ഓരോ ടീമും കാഴ്ച വെച്ചത്.
കാറ്റിലും മഴയിലും ധാരാളം നാശ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും സമയബന്ധിതമായി മികച്ച രീതിയിൽ തന്നെ മത്സരം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മാത്രമല്ല ടൂർണമെന്റിൽ ഒരുപിടി പുതിയ റെക്കോർഡുകൾ പിറവിയെടുക്കുകയും ചെയ്തു.വടക്കേ മലബാറിൽ നിന്നെത്തിയ കെപിഎ 123 കണ്ണൂരും ബിസ്മി കിങ്സ് ബ്ലു സ്റ്റാർ മലപ്പുറവും തമ്മിലായിരുന്നു ഫൈനൽ മത്സരം.
ടൂർണമെന്റിലെ മികച്ച പ്ലെയർ ഫിറാസ്, മികച്ച ബൗളർ ഷിജിലപ്പ, മികച്ച ബാറ്റ്സ്മാൻ അജിത് , എമർജിങ് പ്ലെയർ ഹരീഷ് എന്നിവർക്ക് ട്രോഫിയും പ്രത്യേക സമ്മാനങ്ങളും നൽകി. ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിയും മെഡലും നാല് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും മെഡലും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം.ടൂർണ്ണമെന്റിലെ ടോട്ടൽ സമ്മാനത്തുക 10 ലക്ഷം രൂപയാണ്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.