സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൌണ്ട് ലക്ഷ്യം വെച്ച് കേരളം ഇന്ന് തമിഴ്നാടിനെ നേരിടും. ആദ്യമത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം.
ഏറെ നാള്‍ നീണ്ട ഗോള്‍ വരള്‍ച്ചക്ക് വിരാമിട്ട് കേരളത്തിന്റെ യുവ നിര നിറഞ്ഞാടിയപ്പോള്‍ ആന്ധ്രക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയത് മറുപടിയില്ലാത്ത അഞ്ചു ഗോളിന്റെ മിന്നും ജയം. ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ മികച്ച ഒത്തിണക്കമാണ് കേരളം കാട്ടുന്നത്. കഴിഞ്ഞ കളിയിലെ മികച്ച ഫോം തുടരാനായാല്‍ തമിഴ്നാടിനെ വരുതിയിലാക്കാമെന്നാണ് കേരളത്തിന്റെ കണക്കു കൂട്ടല്‍. എമില്‍ ബെന്നിയുടെ മിന്നും ഫോം തന്നെയാണ് ആതിഥേയരുടെ കരുത്ത്. അതി വേഗത്തില്‍ മുന്നേറി കൃത്യമായി ലക്ഷ്യം കാണുന്ന എമിലിനൊപ്പം ലിയോണ്‍ അഗസ്റ്റിന് കൂടി ചേരുന്നതോടെ കേരളത്തെ പിടിച്ചു കെട്ടാന്‍ തമിഴ്നാട് പണിപ്പെടേണ്ടി വരും. കുറിയ പാസുകളുമായി ഒത്തിണക്കത്തോടെ കളിക്കുന്ന കേരളത്തിന് കാണികളുടെ പിന്തുണയും അനുകൂല ഘടകമാണ്. ആന്ധ്രയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് തമ്ഴ്നാടിന്റെ വരവ്. ഹാട്രിക് നേടിയ എല്‍ ലിജോയും ദിവാകറുമെല്ലാം ഏത് പ്രതിരോധത്തെയും പിളര്‍ത്താന്‍ കഴിവുള്ളവര്‍. ഗ്രൂപ്പില്‍ തമിഴ്നാടിനും കേരളത്തിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ കേരളമാണ് മുന്നില്‍. ഫൈനല്‍ റൌണ്ടിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ വിജയം മാത്രമാണ് തമിഴ്നാടിനു മുന്നിലുള്ള വഴി. എന്നാല്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത നേടാം.