Football Sports

കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്

യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്. ടീമിന്‍റെ പരിശീലനത്തിന് ഈ മാസം 7ന് മലപ്പുറം എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്‍റെയും മുന്‍ താരം അര്‍ജുന്‍ ജയരാജാണ് ടീമിന്‍റെ ഐക്കൺ പ്ലയർ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബ് ഉടമകളായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്‍റെ നാലാമത് ടീം, കേരള യുണൈറ്റഡ് എഫ്.സി. കളത്തിലിറങ്ങുകയാണ്. കാൽപന്ത് മികവും മെയ്‌വഴക്കവുമുള്ള യുവതാരങ്ങളുടെ ഒരു നിര തന്നെ കേരളയൂണൈറ്റഡിന്റെ ഭാഗമായിക്കഴിഞ്ഞു. മലപ്പുറം എടവണ്ണയിലാണ് ടീമിന്‍റെ ഹോം ഗ്രൗണ്ട്. മലപ്പുറത്തിന്‍റെ ഫുട്ബോൾ ആവേശവും ഇന്ത്യയിൽ ഫുട്ബോളിന് വർധിക്കുന്ന പിന്തുണയുമാണ് ക്ലബ്ബിന്‍റെ പ്രതീക്ഷ.

മുൻ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗം അർജുൻ ജയരാജ് ആണ്, യുണൈറ്റഡ് എഫ്സിയുടെ ഐക്കൺ പ്ലയർ. കൂടുതൽ മലയാളി താരങ്ങൾക്കാണ്, ടീം പരിഗണന നൽകുന്നത്. താരങ്ങളില്‍ കൂടുതലും 20 വയസ്സിന് താഴേയുള്ളവരാണ്. ഈ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലേക്കാണ് ടീമിന്‍റെ തയ്യാറെടുപ്പ്. തുടര്‍ന്ന് ഐ ലീഗും ഐ.എസ്.എല്ലുമാണ് ലക്ഷ്യം.