ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച്, ഇടതുപാർശ്വത്തിൽ നിന്ന് ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഒരു കർളിംഗ് ഷോട്ടിലൂടെയാണ് നിഷു കുമാർ വല കുലുക്കിയത്. 12 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു. ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഖബ്രയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിൽ കുറച്ചുകൂടി പോരാട്ടവീര്യം കാണിച്ച ഒഡീഷ അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ ചെറുത്തുനില്പും ഒഡീഷയെ തടഞ്ഞുനിർത്തി. ഇതിനിടെ ലഭിച്ച ചില സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 20 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതെത്തി. കളിച്ച 11 മത്സരങ്ങളിൽ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.