Football Sports

സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

21ആം വയസില്‍ കേരളബ്ലാസ്‌റ്റേഴ്‌സിലെത്തിയ സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(76) കളിച്ചിട്ടുള്ള താരമാണ്…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ആറ് വര്‍ഷം കോട്ടകെട്ടിയ സന്ദേശ് ജിങ്കന്‍ ക്ലബ് വിടുന്നു. ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ജിങ്കാന്‍ ക്ലബ് വിടുന്ന കാര്യം ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജിങ്കന്‍ വിദേശ ക്ലബിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകളും വരുന്നുണ്ട്.

21ആം വയസിലാണ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലയറായ ജിങ്കന്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായി. കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ജിങ്കന് കളിക്കാന്‍ സാധിക്കാതെ വന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ തന്നെ ബാധിച്ചിരുന്നു.

ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജിങ്കനെ ഒഴിവാക്കാനുള്ള കാരണമെന്നാണ് സൂചന. 2022 വരെ കരാറുള്ളപ്പോഴാണ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(76) കളിച്ച താരമാണ് ജിങ്കന്‍.

ഇനി മലയാളി താരം സഹല്‍ അബ്ദുള്‍ സമദായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റര്‍ബോയ് എന്നും ഗോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2018-19 സീസണില്‍ ഡേവിഡ് ജെയിംസിന് കീഴിലാണ് സഹല്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറുന്നത്. ആ വര്‍ഷം അഖിലേന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്റെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും സഹല്‍ നേടിയിരുന്നു. സഹലും ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ജന്മനാട്ടിലെ ക്ലബില്‍ തന്നെ തുടരാനാണ് 23കാരന്റെ തീരുമാനം.