Football Sports

ബ്ലാസ്‌റ്റേഴ്‌സിന് ഈ കളിയെങ്കിലും ജയിക്കണം

ഐ.എസ്.എല്ലില്‍ ആദ്യ മത്സരം ജയിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍, പിന്നീട് നാല് വീതം തോല്‍വിയും സമനിലയും. ഇന്ന് പത്താം അങ്കത്തിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ ജയം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരക്കാണ് കളി.

പ്രധാന താരങ്ങളുടെ പരിക്കും മോശം ഫോമുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണില്‍ കുഴക്കുന്നത്. ടീമിന് ഇതുവരെ ഒത്തിണക്കത്തോടെ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. ഒമ്പതുകളില്‍ നിന്നും ഒമ്പത് ഗോള്‍ അടിച്ചപ്പോള്‍ 13 ഗോള്‍ വഴങ്ങിയ പ്രതിരോധം ടീമിന് തലവേദനയാണ്. മാത്രമല്ല പല മത്സരങ്ങളിലും മുന്നിട്ടു നിന്ന ശേഷം അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിലേക്കും തോല്‍വിയിലേക്കും വഴുതി വീഴുന്നത്.

ആകെ പത്തു ടീമുകളുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ പോലും ആദ്യ നാലിലെത്തുക ദുഷ്‌ക്കരം. ഒമ്പത് കളികളില്‍ നിന്നും ഏഴ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. എട്ട് കളികളില്‍ നിന്നും പത്ത് പോയിന്റുമായി ഏഴാമതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാന രണ്ട് മത്സരങ്ങളിലെ തോല്‍വിയുടെ ക്ഷീണം അകറ്റുകയെന്ന ലക്ഷ്യത്തിലാണ് നോര്‍ത്ത് ഈസ്റ്റ് കേരളത്തില്‍ എത്തിയിരിക്കുന്നത്.