Football Sports

12 ദിവസത്തിൽ നാല് മത്സരങ്ങൾ; ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരച്ചൂടിലേക്ക്

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരച്ചൂടിലേക്ക്. ഗോവയ്ക്കെതിരെ ഈ മാസം രണ്ടിന് അവസാന മത്സരം കളിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത 12 ദിവസത്തിനിടെ കളിക്കുക നാല് മത്സരങ്ങളാണ്. നാളെ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 12, 16, 20 തീയതികളിലും കളത്തിലിറങ്ങും. 20 കഴിഞ്ഞാൽ പിന്നെ 10 ദിവസത്തിനു ശേഷമേ ബ്ലാസ്റ്റേഴ്സിനു മത്സരമുള്ളൂ.

നാളെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം 12ന് ഒഡീഷ, 16ന് മുംബൈ, 20ന് എടികെ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഇതിൽ ഒഡീഷയെയും മുംബൈയെയും ബ്ലാസ്റ്റേഴ്സ് ആദ്യ പാദത്തിൽ പരാജയെപ്പെടുത്തിയതാണ്. ഹൈദരാബാദിനെതിരെ ഇതുവരെ കളിച്ചിട്ടില്ല. എടികെയ്ക്കെതിരെ പരാജയപ്പെട്ടു. സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ പരാജയം അറിഞ്ഞത് എടികെയ്ക്കെതിരെയാണ്. ഉദ്ഘാടന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് എടികെയോട് കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.

കരുത്തുറ്റ ടീമുകൾക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേഓഫ് പ്രതീക്ഷകളും വരുന്ന 12 ദിവസത്തിൽ തീരുമാനിക്കപ്പെടും. മികവോടെ കളിക്കുന്ന ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന് ചില്ലറ വെല്ലുവിളിയല്ല ഉയർത്തുക. പരുക്കിൽ നിന്ന് മുക്തനായെത്തുന്ന ഹോർമിപോം ടീമിൽ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമാവും. ഒഡീഷ അത്ര ഭീഷണിയല്ലെങ്കിലും പ്രവചനാതീതമാണ് അവരുടെ പ്രകടനങ്ങൾ. മുംബൈയും എടികെയും ഒരുപോലെ ഭീഷണിയാണ്. അവസാന നാല് മത്സരങ്ങളിലും മുംബൈക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവരെ എളുപ്പം തോല്പിക്കാനാവില്ല. എടികെ ആവട്ടെ, ജിങ്കൻ, ടിരി അടക്കമുള്ള താരങ്ങളെ കൂടി ഉൾപ്പെടുത്തിയാവും ബ്ലാസ്റ്റേഴ്സിനെ നേരിടുക.