പുതിയ ഐഎസ്എൽ സീസണിലേക്കുള്ള കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. 1973ലെ കേരളത്തിൻ്റെ സന്തോഷ് ട്രോഫി നേട്ടത്തിന് ആദരവർപ്പിച്ചാണ് പുതിയ സീസണിലേക്കുള്ള ജഴ്സി പുറത്തിറക്കിയത്. ആ വർഷമാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. അന്നത്തെ കേരള സന്തോഷ് ട്രോഫി ടീമിന് ജഴ്സി സമർപ്പിച്ചു. (kerala blasters new jersey)
അതേസമയം, ഡ്യുറൻഡ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഡൽഹി എഫ്സിക്കെതിരെ ഒരു ഗോളിനു പിന്നിൽ നിൽക്കുകയാണ്. മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ കാണാതെ പുറത്താവും. ആദ്യ പകുതി ഇരു ടീമുകളും ഗോൾ കണ്ടെത്താതെ സമനില പാലിച്ചപ്പോൾ 53ആം മിനിട്ടിൽ വില്ലിസ് പ്ലാസ നേടിയ ഗോളിൽ ഡൽഹി മുന്നിലെത്തുകയായിരുന്നു.
ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ദയനീയ തോൽവി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല.
ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയാവുകയായിരുന്നു. ലഭിച്ച ഒരു സുവർണാവസരം ശ്രീക്കുട്ടൻ പാഴാക്കുകയും ചെയ്തു. കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ നംഗൽ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഹൊർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തുടർച്ചയായി ആക്രമിച്ചു. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളിൽ ഹാൻഡ് ബോ ൾ ഉണ്ടായിരുന്നു. രണ്ടാം ഗോൾ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫിസിക്കൽ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്തേയ് എന്നിവരും ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.