Football Sports

മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല. (blasters bengaluru durand cup0

ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയാവുകയായിരുന്നു. ലഭിച്ച ഒരു സുവർണാവസരം ശ്രീക്കുട്ടൻ പാഴാക്കുകയും ചെയ്തു. കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ നംഗൽ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഹൊർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തുടർച്ചയായി ആക്രമിച്ചു. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളിൽ ഹാൻഡ് ബോ ൾ ഉണ്ടായിരുന്നു. രണ്ടാം ഗോൾ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫിസിക്കൽ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്തേയ് എന്നിവരും ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.

ഇന്ത്യൻ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ പരാജയം രുചിക്കേണ്ടി വന്നത് തിരിച്ചടിയാവും. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.