Football Sports

വിട്ടുകൊടുക്കില്ല: ജെസ്സെൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും

കരുത്തുറ്റ പ്രകടനം കാഴ്ച്ചവെച്ച ജെസ്സല്‍ വൈകാതെ തന്നെ കെ.ബി.എഫ്.സി പ്രതിരോധനിരയുടെ ഭാഗമാകും.

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മിന്നും താരം ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. പരിചയസമ്പന്നനായ ഗോവൻ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വർഷത്തെക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടിയത്. കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്ന് കെബിഎഫ്‌സിയിൽ എത്തിയ ജെസ്സൽ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവൻ പ്രൊഫഷണൽ ലീഗിലൂടെ വളർന്നുവന്ന ജെസ്സൽ 2018-2019 വർഷം സന്തോഷ് ട്രോഫിയിൽ ഗോവൻ ടീമിന്‍റെ നായകനായിരുന്നു. കരുത്തുറ്റ പ്രകടനം കാഴ്ച്ചവെച്ച ജെസ്സല്‍ വൈകാതെ തന്നെ കെ.ബി.എഫ്.സി പ്രതിരോധനിരയുടെ ഭാഗമാകും.

‘ഇന്ത്യയിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ജെസ്സൽ. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്’; കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതൽ മത്സരങ്ങൾ (18 മത്സരങ്ങൾ) റെക്കോർഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെൽ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റും ക്ലബ്ബിനായി കളിച്ചിരുന്നു. കെ‌ബി‌എഫ്‌സിക്കായി 72.65% വിജയ കൃത്യതയുമുള്ള 746 പാസുകളാണ് ജെസ്സൽ നൽകിയത്. ഒരു കളിയിൽ ഏകദേശം 42 പാസുകൾ എന്ന രീതിയിൽ ഒരു ഐ‌എസ്‌എൽ അരങ്ങേറ്റക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ പാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. സീസണിൽ അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബി‌എഫ്‌സി കളിക്കാരന്റെ ഏറ്റവും ഉയർന്ന നിരക്കാണിത്.

‘ക്ലബ് തങ്ങളുടെ ആദ്യ ഐ‌.എസ്.‌എൽ ട്രോഫി ഉയർത്തുമ്പോൾ ടീമിന്‍റെ ഭാഗമാകാനാണ് ഞാൻ ലക്ഷ്യമിടുന്നത്. എന്‍റെ കഴിവ് തെളിയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എനിക്ക് അവസരം നൽകി, തുടർന്നും മികച്ച ശ്രമങ്ങൾ നടത്താനും വരാനിരിക്കുന്ന സീസണുകളിൽ ക്ലബ്ബിന്‍റെ ലക്ഷ്യങ്ങൾക്കായി ക്ലബിനൊപ്പം നല്‍കുവാനും ഞാൻ പ്രതീക്ഷിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’; ജെസ്സെൽ വ്യക്തമാക്കി.