ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. സമനിലകളില്‍ ആശ്വാസം കണ്ടെത്തുന്ന പതിവ് മാറ്റാതെ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് യാതൊരു സാധ്യതയുമില്ല. പോയിന്റ് ടേബിളില്‍ എട്ടാമതുള്ള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ ഇന്ന് ജയം മാത്രമാണ് ലക്ഷ്യം.
എട്ട് കളികളില്‍ ഒന്ന് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. നാല് ‘ആശ്വാസ’സമനിലകളും മൂന്ന് തോല്‍വികളും. ആകെ നേടിയത് ഏഴ് പോയിന്റ് മാത്രം. ആറ് പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സിയും നാല് പോയിന്റുള്ള ഹൈദരാബാദും മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലുള്ളത്. ഇതില്‍ ചെന്നൈയിന്‍ ഏഴ് കളികളേ കളിച്ചിട്ടുള്ളൂ.
അതേസമയം സ്വന്തം നാട്ടില്‍ നടക്കുന്ന കളി ജയിച്ച് മുന്നേറാനാകും ചെന്നൈയിന്റെ ശ്രമം. അവസാന കളിയില്‍ ജംഷഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില നേടിയതിന്റെ ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട്. കൂട്ടത്തില്‍ മുന്നേറ്റക്കാരന്‍ ബര്‍തലാേമേവ് ഒഗ്‌ബെച്ചെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ തിരിച്ചെത്തുമെന്നാണ് സൂചന. മധ്യനിരയില്‍ മരിയോ അര്‍ക്യൂസിന്റെ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നു.
സമനിലക്കപ്പുറം ജയങ്ങള്‍ നേടിയാല്‍ മാത്രമേ ആരാധകരുടെ പേരില്‍ പ്രസിദ്ധമായ കേരള ബ്ലാസ്റ്റേഴ്‌സിന് ഗാലറയില്‍ ആരവങ്ങള്‍ തിരികെ ലഭിക്കുകയുള്ളൂ.