Football Sports

ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയല്ലാതെ പിന്നെന്ത്

തങ്ങളെക്കാള്‍ പത്തിലേറെ പോയിന്റിന്റെ വ്യത്യാസമുള്ള എഫ്.സി ഗോവക്കെതിരെ കേരളം തോറ്റില്ലങ്കിലെ (അതും ഇപ്പോഴത്തെ മോശം ഫോമില്‍) അത്ഭുതമുണ്ടായിരുന്നുള്ളൂ. അത് തന്നെ സംഭവിച്ചു. എതിരില്ലാത്ത സുന്ദരമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ‘പതിവ്’ ആവര്‍ത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, 20 മിനുറ്റ് വരെ ഗോള്‍ വരാതെ നോക്കിയെന്ന് മാത്രം. പക്ഷേ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ മിടുക്ക് കൊണ്ടായിരുന്നില്ല. ഭാഗ്യമെന്നെ പറയാനാവൂ.

എന്നാല്‍ 22ാം മിനുറ്റില്‍ സൂപ്പര്‍താരമായ ഫെറാന്‍ കൊറോമിനസ് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. അളന്ന് മുറിച്ചെന്ന് പറയാവുന്നൊരു ക്രോസിന് തലവെച്ചാണ് കൊറോമിനസ്, പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് എത്തിച്ചത്. ഈ ഗോളിന്റെ ആഘാതം മാറും മുമ്പെ മൂന്ന് മിനുറ്റുകള്‍ക്കിപ്പുറം രണ്ടാം ഗോള്‍ ബ്ലാസ്റ്റേഴ്‌സ് വലയില്‍. ഇത്തവണ എഡു ബേഡിയയുടെ കാലുകളില്‍ നിന്നായിരുന്നു. ഗോള്‍കീപ്പറുടെ ഭാഗത്തെ പിഴവും ഈ ഗോളിലേക്ക് വഴിവെച്ചിരുന്നു. ബേഡിയയുടെ ഏഴാമത്തെ ഗോളായിരുന്നു അത്.

എന്നാല്‍ അധികം പരിക്കുകളില്ലാതെ ബ്ലാസ്റ്റേഴ്‌സ് ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും ഗോവന്‍ മുന്നേറ്റം പന്തുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് കയറിയറങ്ങുന്നുണ്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സാവട്ടെ വല്ലപ്പോഴും ലഭിക്കുന്ന കൗണ്ടര്‍ അറ്റാക്കുകളിലൂടെ മുന്നേറിയെങ്കിലും വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ 78ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ഹുഗോ ബോണമസ് മൂന്നാം ഗോള്‍ കണ്ടെത്തി. താരത്തിന്റെ സോളോ പെര്‍ഫോമന്‍സായിരുന്നു ആ ഗോളിലെത്തിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം തോല്‍വിയാണിത്.