ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന അത്‌ലറ്റുകള്‍ക്ക് തടവുശിക്ഷ അടക്കമുള്ള കടുത്ത നടപടികള്‍ ഉറപ്പുവരുത്താന്‍ കെനിയ നിയമനിര്‍മ്മാണം നടത്തും. അത്‌ലറ്റുകള്‍വ്യാപകമായി മരുന്നടിയില്‍ പിടിയിലാവുന്ന സാഹചര്യത്തിലാണ് കെനിയന്‍ കായിക മന്ത്രിയുടെ പ്രഖ്യാപനം. മധ്യ- ദീര്‍ഘ ദൂര ഓട്ടക്കാരുടെ നാടായാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയ തോതില്‍ കായികതാരങ്ങള്‍ മരുന്നടിക്ക് പിടികൂടുന്നത് വിവാദമായിട്ടുണ്ട്.
വ്യാപക മരുന്നടിയെ തുടര്‍ന്ന് അന്താരാഷ്ട്ര ഉത്തജക വിരുദ്ധ സമിതിയായ വാഡ 2016ല്‍ കെനിയയെ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തിനകത്തു നിന്നു തന്നെ കായികതാരങ്ങളുടെ മരുന്നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിയമം കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് കായികമന്ത്രി തന്നെ അറിയിച്ചിരിക്കുന്നത്. 2020 മധ്യത്തോടെ നിയമം നിലവില്‍ വരുമെന്നും കായികമന്ത്രി അമിന മുഹമ്മദ് പറഞ്ഞു.
നിലവില്‍ ഉത്തേജക മരുന്നടിച്ച് കായികതാരങ്ങളെ പിടികൂടിയാല്‍ പരിശീലകരെ മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനുള്ള നിയമം കെനിയയിലുണ്ട്. അപ്പോഴും കായികതാരങ്ങള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാനാണ് നിയമം കര്‍ശനമാക്കി രാജ്യത്തിന്റെ അഭിമാനം രക്ഷിക്കാന്‍ കെനിയ ശ്രമിക്കുന്നത്.
2018സെപ്തംബറില്‍ വാഡ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2004 മുതല്‍ 2018 ആഗസ്ത് വരെയുള്ള കാലയളവില്‍ 138 കെനിയന്‍ കായികതാരങ്ങള്‍ മരുന്നടിച്ച് പിടിയിലായിട്ടുണ്ട്. 2008 ബീജിംങ് ഒളിംപിക്‌സിലെ 1500 മീറ്റര്‍ ചാമ്പ്യന്‍ അസ്‌ബെല്‍ കിപ്റോപ്, 2016 റിയോ ഒളിംപിക്‌സ് വനിതാ മാരത്തണ്‍ ജേതാവ് ജെര്‍മ്മിയ സംഗോങ്, മൂന്ന് തവണ ബോസ്റ്റണ്‍ മാരത്തണ്‍ ജേതാവായിട്ടുള്ള റിത ജെപ്ടൂ തുടങ്ങി പ്രമുഖര്‍ മരുന്നടിക്ക് പിടിയിലായിട്ടുണ്ട്.