ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിനും യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനാവ
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും യുവന്റസിനും മടക്കം. എവേ മത്സരത്തിൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ 2-1 ന് ജയിച്ചെങ്കിലും യുവന്റസ് പുറത്തായി. ഇന്ന് ബാഴ്‌സലോണ – നാപോളി, ബയേൺ മ്യൂണിക്ക് – ചെൽസി മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പാവും.
ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ 1-2 ന് തോറ്റിരുന്ന റയലിന് സിറ്റിയുടെ ഗ്രൗണ്ടിൽ മികച്ച ജയം അനിവാര്യമായിരുന്നെങ്കിലും കളി തുടങ്ങിയ ഒൻപത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ റഹീം സ്റ്റർലിങ് ആ പ്രതീക്ഷക്കു മേൽ ആണിയടിച്ചു. റയൽ പ്രതിരോധതാരം റാഫേൽ വരാന്റെ കാലിൽനിന്ന് പന്ത് റാഞ്ചിയ ഗബ്രിയേൽ ജേസുസ് നൽകിയ പാസ് അനായാസം ഗോളിലെത്തിച്ചാണ് സ്റ്റർലിങ് ഇംഗ്ലീഷ് ടീമിന് മുൻതൂക്കം പകർന്നത്.
28-ാം മിനുട്ടിൽ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ കരീം ബെൻസേമ ഗോൾ മടക്കിയപ്പോൾ റയലിനും പ്രതീക്ഷയായി. എന്നാൽ, രണ്ടാം പകുതിയിൽ വരാൻ വരുത്തിയ മറ്റൊരു ഭീമൻ അബദ്ധം സിറ്റിക്ക് രണ്ടാം ഗോളിനുള്ള അവസരമൊരുക്കി. ഇത്തവണ വരാൻ ഗോൾകീപ്പർക്ക് ഹെഡ്ഡ് ചെയ്തു നൽകിയ പന്ത് ഓടിപ്പിടിച്ചെടുത്ത ജേസുസ് സമർത്ഥമായി ഗോളടിക്കുകയായിരുന്നു.
ഒളിംപിക് ലിയോണിന്റെ ഗ്രൗണ്ടിൽ ആദ്യപാദം തോറ്റ യുവന്റസിന് സ്വന്തം ഗ്രൗണ്ടിൽ ജയം അനിവാര്യമായിരുന്നെങ്കിലും 12-ാം മിനുട്ടിൽ പെനാൽട്ടി വഴങ്ങിയത് തിരിച്ചടിയായി. കിക്കെടുത്ത മെംഫിസ് ഡിപായ് അനായാസം ലക്ഷ്യം കണ്ടതോടെ യുവന്റസിന് ഇനി മുന്നേറണമെങ്കിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ ജയിക്കണമെന്നായി. 43-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ആതിഥേയരുടെ പ്രതീക്ഷ നിലനിർത്തി. 60-ാം മിനുട്ടിൽ ബെർണാഡെഷിയുടെ സഹായത്തോടെ റൊണാൾഡോ വീണ്ടും വലകുലുക്കിയപ്പോൾ യുവെ ക്വാർട്ടറിന് തൊട്ടടുത്തെത്തിയെങ്കിലും തുടർന്ന് ഗോൾ വഴങ്ങാതെ ലിയോൺ പിടിച്ചുനിന്നു.
സ്വന്തം തട്ടകത്തിൽ ഇന്ന് നാപോളിയെ നേരിടുന്ന ബാഴ്‌സലോണക്ക് ഗോൾരഹിത സമനിലയെങ്കിലും നേടാനെങ്കിലും കഴിഞ്ഞാൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ മുന്നേറാനാവും. സ്വന്തം ഗ്രൗണ്ടിൽ ആദ്യപാദം മൂന്ന് ഗോളിന് തോറ്റ ചെൽസിക്ക് ബയേണിന്റെ ഗ്രൗണ്ടിൽ കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാണ്.