Football Sports

ചെന്നൈ സിറ്റിയെ മറുനാട്ടില്‍ തോല്‍പിച്ച് ഗോകുലം മൂന്നാം സ്ഥാനത്ത്

ഐലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പിച്ച് ഗോകുലം കേരള എഫ്.സി. സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് കോയമ്പത്തൂരില്‍ നടന്ന എവേ മാച്ചില്‍ പകരം വീട്ടിയ ഗോകുലം ഇതോടെ ഐ ലീഗ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തില്‍ ഗോകുലം നേരത്തെ ചെന്നൈ സിറ്റിയോട് 2-3ന് തോറ്റിരുന്നു.

ചെന്നൈ സിറ്റി മുന്‍ മത്സരങ്ങളില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ റിയല്‍ കശ്മീരിനോട് ഏകഗോളിന് തോറ്റ ഗോകുലം നിരയില്‍ പരിശീലകന്‍ വലേര രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിബില്‍ മുഹമ്മദും മുത്തു മായക്കണ്ണനുമായിരുന്നു അന്തിമ ഇലവനില്‍ ഇടംപിടിച്ചവര്‍.

കോയമ്പത്തൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇരു ടീമുകളുടേയും മുന്നേറ്റം കണ്ടുകൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. അഞ്ചാം മിനുറ്റില്‍ തന്നെ ഗോകുലത്തിന്റെ നഥാനിയേല്‍ ഗാര്‍സിയയുടെ ഗോള്‍ ശ്രമം ചെന്നൈ ഗോളി തടഞ്ഞു. 43ആം മിനുറ്റിലായിരുന്നു ഗോകുലം ഗോളി സി.കെ ഉബൈദിനെ ചെന്നൈ സിറ്റി പരീക്ഷിച്ചത്. ഫിറ്റോയുടെ ഫ്രീകിക്ക് ഇടത്തേക്ക് ചാടി രക്ഷപ്പെടുത്തിയ ഉബൈദിന് വിജയുടെ റീബൗണ്ട് വലയിലെത്താതിരിക്കാന്‍ ഉടന്‍ തന്നെ മറ്റൊരു സേവ് കൂടി നടത്തേണ്ടി വന്നു.

ഗോകുലം ടീമിലെത്തിയ പുതിയ താരം കിപ്‌സണ്‍ അട്ടൂഹെറിയെ വരേല രണ്ടാം പകുതിയില്‍ ഇറക്കി. വൈകാതെ തന്നെ പുതുക്കക്കാരന്റെ ഊര്‍ജ്ജം കിപ്‌സണ്‍ പുറത്തെടുക്കുകയും മത്സരത്തില്‍ നിര്‍ണ്ണായകമായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 79ആം മിനുറ്റില്‍ ലോങ് ബോള്‍ നെഞ്ചില്‍ സ്വീകരിച്ച കിപ്‌സണ്‍ ജോസഫിന് ക്രോസ് നല്‍കി. ട്രിനിടാഡ് ടുബാഗോയുടെ താരമായ ജോസഫിന്റെ ശക്തമായ അടി ചെന്നൈ ഗോളിയേയും മറികടന്ന് വല കുലുക്കി.

ജയത്തോടെ 11 കളികളില്‍ നിന്നും 17 പോയിന്റുമായി ഗോകുലം കേരള എഫ്.സി മൂന്നാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്നും 26 പോയിന്റുള്ള മോഹന്‍ബഗാന്‍ ഒന്നാമതാണ്. തോല്‍വിയോടെ 14 പോയിന്റുമായി ചെന്നൈ സിറ്റി ഏഴാം സ്ഥാനത്തേക്കിറങ്ങി.