യുവേഫാ ചാമ്പ്യന്‍സ് ലീഗ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ജോര്‍ജീഞ്ഞോയാണ് മികച്ച ഫുട്‌ബോള്‍ താരം. ചെല്‍സിയുടെ തോമസ് ടുഷെലാണ് മികച്ച പരിശീലകന്‍. ഇസ്താംബൂളില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് പ്രഖ്യാപനം. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടേലസ് സ്വന്തമാക്കി.
ജോര്‍ജീഞ്ഞോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍, എന്‍ഗോളോകാന്റെ എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.
യൂറോ കപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.