Sports

ഝൈ റിച്ചാർഡ്സൺ ഐപിഎൽ കളിച്ചേക്കില്ല; മുംബൈക്ക് തിരിച്ചടി

ഐപിലിനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ ഝൈ റിച്ചാർഡ്സൺ ഐപിഎലിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ പരുക്കേറ്റ് പുറത്തായതിനാൽ റിച്ചാർഡ്സൺ – ആർച്ചർ പേസ് നിരയെ മുംബൈ കളിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, റിച്ചാർഡ്സണു പരുക്കേറ്റത് മുംബൈ മാനേജ്മെൻ്റിന് വീണ്ടും തലവേദനയാവും.

ജനുവരി ആദ്യ വാരമാണ് റിച്ചാർഡ്സണു പരുക്കേറ്റത്. രണ്ട് മാസം നീണ്ട വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം പ്രാദേശിക ടീമിനായി കളിക്കാനിറങ്ങിയ റിച്ചാർഡ്സൺ 4 ഓവർ മാത്രം എറിഞ്ഞ് കളം വിട്ടു. പിന്നാലെ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന താരത്തെ മാറ്റി നഥാൻ എല്ലിസിനെ ഉൾപ്പെടുത്തി. റിച്ചാർഡ്സണിൻ്റെ പരുക്കിനെപ്പറ്റി കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിന് ഐപിഎൽ നഷ്ടമാവുമെന്നാണ് സൂചന.

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഐപിഎൽ സീസൺ മുഴുവൻ കളിക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് ആർച്ചർ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ബുംറയുടെ അസാന്നിധ്യം ഉറപ്പായ മുംബൈ ഇന്ത്യൻസിന് ഇത് വലിയ ആശ്വാസമാവും.

നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ആർച്ചർ. ആദ്യ മത്സരത്തിൽ 10 ഓവറിൽ 37 റൺസ് വഴങ്ങിയ താരം രണ്ട് വിക്കറ്റ് വീഴ്ത്തി. 18 മാസത്തോളം പുറത്തിരുന്ന ആർച്ചർ ജനുവരിയിൽ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിലൂടെയാണ് തിരികെവന്നത്.

8 കോടി രൂപയ്ക്കാണ് ആർച്ചറെ 2022 ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അക്കൊല്ലം ആർച്ചർ കളിക്കില്ലെന്നുറപ്പായിരുന്നെങ്കിലും വരും വർഷങ്ങൾ കണക്കിലെടുത്ത് മുംബൈ പണം മുടക്കുകയായിരുന്നു. ആർച്ചറും ബുംറയും ചേർന്ന ലീതൽ കോംബോ ഇക്കൊല്ലം കളത്തിലിറങ്ങുമെന്ന് കരുതിയിരിക്കെയാണ് ബുംറ പരുക്കേറ്റ് പുറത്താവുന്നത്.

ബുംറ ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക.