യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന് റിപ്പോർട്ട്. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനു മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം നടത്തിയേക്കും. ആശയം സൗത്ത് അമേരിക്ക ഫുട്ബോൾ ബോഡിയായ കോണ്‍മെബോൾ യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുവേഫയും ഈ ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറ്റലിയും അർജൻ്റീനയും തമ്മിൽ അടുത്ത വർഷം ഏറ്റുമുട്ടും.
മുൻപ് ഇരു കോൺഫെഡറേഷൻസ് ടൂർണമെന്റിലേയും ജേതാക്കൾ ഫിഫ കോൺഫെഡറേഷൻസ് കപ്പിൽ ഏറ്റുമുട്ടിയിരുന്നു. 2017ലാണ് കോൺഫെഡറേഷൻ കപ്പ് അവസാനമായി നടന്നത്. ആ കളിയിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനി പരാജയപ്പെടുത്തുകയായിരുന്നു.
മുൻപ് രണ്ട് തവണ ആർതെമിയോ ഫ്രാഞ്ചി ട്രോഫിയിൽ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും ഏറ്റുമുട്ടിയിട്ടുണ്ട്. 1985ൽ നടന്ന മത്സരത്തിൽ ഉറുഗഗ്വേയെ തോല്പിച്ച് ഡെന്മാർക്ക് കിരീടം ചൂടിയപ്പോൾ 93ൽ നടന്ന മത്സരത്തിൽ അർജന്റീന ഡെൻമാർക്കിനെ തോൽപ്പിച്ചു.
കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി മറികടന്നത്.