കൊറോണ വൈറസ് ബാധ അതീവഗുരുതരമായ ഇറ്റലിയിലെ സൂപ്പര്‍ ക്ലബ് സാംപ്ദോറിയയുടെ അഞ്ച് താരങ്ങള്‍ക്ക് വെറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് താരങ്ങളുടെ ആദ്യ പരിശോധനഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ക്ലബിലെ ഇറ്റാലിയന്‍ മുന്നേറ്റതാരം മണോലോ ഗാബിയാദിനിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടീമിലെ എല്ലാവര്ക്കും പരിശോധന നടത്തിയപ്പോഴാണ് നാല് താരങ്ങളുടെ കൂടെ പരിശോധനാഫലം പോസിറ്റീവായത്. നോര്‍വേ താരം മോര്‍ട്ടെന്‍ തോര്‍സ്ബി, സ്വീഡിഷ് താരം ആല്ബിന് എക്ദല്, ഇറ്റാലിയന്‍ താരം അന്റോണിയോ ലാ ഗുമിന, ഗാബിയന്‍ താരം ഒമര്‍ കൊള്ളെ എന്നിവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
താരങ്ങള്‍ക്ക് പുറമെ ക്ലബ് മെഡിക്കല്‍ സംഘത്തിലെ ഒരു ഡോക്ടറുടെ പരിശോധനഫലവും പോസിറ്റീവാണ്. യുവന്റസിന്റെ പ്രതിരോധതാരം ഡാനിയേലെ റുഗാനിയാണ് ഇറ്റലിയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ഫുട്ബോള്‍ താരം. പിന്നാലെ നടത്തിയ പരിശോധനകളില്‍ വിവധ ക്ലബുകളിലെ താരങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു.