ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകർത്തത്.
ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ കരസ്ഥമാക്കിയത്. വാശിയേറിയ കളി പുരോഗമിക്കുന്നതിനിടെ മൂന്ന് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് – ഗോവ താരങ്ങള്‍ പരസ്പരം പോരടിച്ചത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇത്രയുംതന്നെ പോയിന്റുളള ഗോവ നാലാം
ബ്ലാസ്‌റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളില്‍ കെ.പി രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. രാഹുലിന്റെ അവസരോചിതമായ നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി. വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും താരത്തിന് എളുപ്പത്തിൽ കഴിഞ്ഞു. മത്സരത്തിലെ ആദ്യ ഗോള്‍ 42-ാം മിനിറ്റിലാണ് പിറന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചെങ്കിലും, പിന്നാലെ സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിച്ചു.
ബ്ലാസ്റ്റേഴ്‌സ് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് രണ്ടാം ഗോളിലേക്കെത്തിയത്. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ അന്‍വര്‍ അലി നിലത്ത് വീഴ്ത്തുകയായിരുന്നു. ആ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്കെടുത്ത ദിമിത്രിയോസ് ഗോൾവല കുലുക്കുകയും ചെയ്തു. ഇവാന്‍ കലിയുഷ്‌നിയുടെ ഷോട്ടിലൂടെ 51-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോൾ നേടിയത്. 67-ാം മിനിറ്റിലാണ് എഫ്‌സി ഗോവ ആശ്വാസ ഗോൾ നേടിയത്. സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് നോവ സദോയി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.