ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. അൽവാരോ വാസ്ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനെ നിലനിർത്തിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ എത്തി. ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു. പന്ത് വലയിലെത്തിച്ചത് മലായളി താരം പ്രശാന്തായിരുന്നു. ഇതിനിടെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു തുടങ്ങിയ ഒഡീഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആറ് പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.