ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശക്കൊട്ട്. മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻബഗാനുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയ മുംബൈ ഐഎസ്എൽ ട്രോഫി കൂടി സ്വന്തമാക്കി സീസൺ ഡബിൾ അടിക്കാനാണ് ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ സീസണിൽ ട്രോഫി സ്വന്തമാക്കിയ എടികെ തുടർച്ചയായ രണ്ടാം ട്രോഫിക്കായി ഇന്ന് ഇറങ്ങും. മുൻപ് ആകെ മൂന്ന് തവണ എടികെ കിരീടം നേടിയിട്ടുണ്ട്. മുംബൈ സിറ്റി ഇതുവരെ ഐഎസ്എൽ ട്രോഫി നേടിയിട്ടില്ല.
ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈ സിറ്റി എഫ്സിയാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഫൈനലിൽ ഇറങ്ങുമ്പോൾ മുംബൈക്ക് മാനസികമായ ഒരു മുൻതൂക്കം ഉണ്ട്. എടികെയ്ക്കെതിരായ കഴിഞ്ഞ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നതും മുംബൈയ്ക്ക് കരുത്താണ്. ഏറെ സന്തുലിതമായ ടീമാണ് മുംബൈക്കുള്ളത്. ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും മികച്ച താരങ്ങളുള്ള മുംബൈ ഒരു ടീം എന്ന നിലയിലും മികച്ചുനിൽക്കുന്നു.
ആദം ല ഫോൺഡ്രെ (11 ഗോൾ), ബാർതലോമ്യു ഓഗ്ബച്ചെ (8 ഗോൾ) എന്നിവരാണ് മുംബൈക്കായി കൂടുതൽ തവണ എതിരാളികളുടെ വലനിറച്ചത്. മധ്യനിരയിൽ ഏഴ് അസിസ്റ്റുകളും 3 ഗോളുകളുമായി ഹ്യൂഗോ ബോമസ് കളം നിറഞ്ഞ് കളിക്കുന്നു. ബിപിൻ സിംഗ്, സൈ ഗൊദാർദ് എന്നിങ്ങനെ ഫൈനൽ തേർഡിൽ ആക്രമണം നടത്താൻ കഴിവുള്ള മറ്റ് ചില പേരുകൾ കൂടി മുംബൈ സിറ്റിയിലുണ്ട്.
ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ഫൈനലിൽ അതിനു പ്രതികാരം ചെയ്യാനാവും എടികെയുടെ ശ്രമം. ഒരു കംപ്ലീറ്റ് ടീം വിളിക്കാനാവില്ലെങ്കിലും വളരെ മികച്ച താരങ്ങൾ എടികെയിലുണ്ട്. റോയ് കൃഷ്ണ (14 ഗോൾ), ഡേവിഡ് വില്ല്യംസ് (5 ഗോൾ) എന്നീ താരങ്ങൾ നയിക്കുന്ന ആക്രമണം ലീതലാണ്. മാഴ്സലീഞ്ഞോ, മൻവീർ സിംഗ് എന്നിങ്ങനെ മധ്യനിരയിൽ കളി നിയന്ത്രിക്കാനും ഗോൾ നേടാനും കഴിവുള്ള താരങ്ങളുണ്ട്. ടിരി, സന്ദേശ് ജിങ്കൻ തുടങ്ങിയവരടങ്ങുന്ന പ്രതിരോധ നിരയും മികച്ചത് തന്നെയാണ്.
ഒരുപോലെ കരുത്തുള്ള രണ്ട് ടീമുകൾ തമ്മിൽ കലാശപ്പോരിനിറങ്ങുമ്പോൾ ഒരു ഗംഭീര പോരാട്ടം തന്നെ നമുക്ക് കളിക്കളത്തിൽ പ്രതീക്ഷിക്കാം.