ഇന്ത്യൻ
സൂപ്പർ ലീഗിൽ ഡൽഹി ഡെെനാമോസിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി.
മത്സരത്തിലുടനീളം ഡെെനാമോസ് ആധിപത്യം പ്രകടമായപ്പോൾ, ഏകപക്ഷീയമായ രണ്ട്
ഗോളുകൾക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റിൽ ജിയാന്നി
സുയ്വർലൂൻ ഡൽഹിയുടെ ആദ്യ ഗോൾ നേടിയപ്പോൾ, ഇഞ്ചുറി ടെെമിൽ അനാവശ്യമായി
വഴങ്ങിയ പെനാൽട്ടി റെനെ മിഹെലിക്ക്
ഗോളാക്കി മാറ്റുകയായിരുന്നു.
ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ മാറ്റി നിർത്തിയാൽ മത്സരം വരുതിയിലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പഴുതടച്ച പ്രതിരോധം തീർക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, ചാങ്തേയുടെ നേതൃത്വത്തിൽ ഡെെനാമോസ് പല തവണ കേരള ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. എന്നാൽ മറുപുറത്തേക്ക് പന്ത് എത്തിക്കുന്നതിന് മഞ്ഞപ്പടക്ക് വല്ലാതെ വിയർക്കേണ്ടി വന്നു. മത്സരം 90+4 നിൽക്കേ ഗോൾ മുഖത്തേക്ക് പന്തുമായി കുതിച്ച ഡെെനാമോസ് താരത്തെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ ലാൽരുത്തരക്ക് ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ, പെനാൽട്ടിയായി ലഭിച്ച അവസരം മിഹെലിക് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇതോടെ 13 കളികളിൽ നിന്നും രണ്ട് ജയത്തോടെ പോയന്റ് പട്ടികയിൽ കേരളത്തെ മറികടന്ന് ഡെെനാമോസ് 8ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, 14 കളികളിൽ ഒരു ജയവും ഏഴ് സമനിലയും 6 തോൽവിയുമായി ചെന്നെെയിന് മാത്രം മുകളിൽ 9ാമതാണ് ബ്ലാസ്റ്റേഴ്സ്.