ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു എഫ്സി ഫൈനലിൽ. കർണാടകയിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്ക് എതിരായ സെമി ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ബംഗളുരുവിന്റെ വിജയം. മുംബൈയുടെ മെഹ്താബ് സിങ്ങിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റിയതാണ് ബംഗളുരുവിനെ ഫൈനലിലേക്ക് നയിച്ചത്.
സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം സുനിൽ ചെത്രിയുടെ ഗോളിൽ ബംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്നത്തെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ നേടി മുംബൈ സമനില പിടിച്ചതാണ് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങാൻ കാരണം. സ്വന്തം മൈതാനത്ത് വഴങ്ങിയ തോൽവി പകരം വീട്ടുന്നതിനാണ് മുംബൈ കണ്ടീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ഹാവി ഹെർണാണ്ടാസിന്റെ ഗോളിൽ ആദ്യം ലീഡ് നേടിയത് ബംഗളുരു ആയിരുന്നു.
തുടർന്ന്, മെഹ്താബ് സിങ്ങിന്റെയും ബിപിൻ സിങ്ങിന്റെയും ഗോളുകളിൽ മുംബൈ മൽസരത്തിലേക്ക് തിരികെ വന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിലും അധിക സമയത്തും ഇരു ടീമുകളും എതിർ പ്രതിരോധ നിരയിലേക്ക് ആക്രമണം അഴിച്ചു വിട്ടെങ്കിലും ഗോളികളുടെ പ്രകടനം നിർണായമായി. തുടർന്ന്, മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഒമ്പതാമത്തെ കിക്ക് എടുത്ത മുംബൈ സിറ്റിയുടെ meh താബിന് പിഴച്ചതാണ് മത്സരത്തിൽ ഉണ്ടായ വഴിത്തിരിവ്.
നാളെ രണ്ടാം സെമി ഫൈനലിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. മാർച്ച് 18 ന് ഗോവയിലെ ഫടോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.