Football Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്.സി

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബെംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ആത്മവിശ്വാസത്തിൽ ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്.

ഇരു ടീമുകള്‍ക്കും 20 പോയിന്റാണ് ഉള്ളത്. എന്നാൽ ബെംഗളൂരു എഫ്.സി പതിനാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് 12 മത്സരങ്ങളായിട്ടുള്ളൂ. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്. കൊവിഡ് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്.