Football Sports

ISL 2021-22 : ഐഎസ്എല്‍ നോക്കൗട്ട് മത്സരങ്ങളുടെ തിയതിയായി; നിയമങ്ങളില്‍ മാറ്റം

മഡ്‌ഗാവ്: ഐഎസ്എൽ എട്ടാം സീസണിലെ (ISL 2021-22) ഫൈനൽ മാർച്ച് 20ന് ഗോവയിൽ (Fatorda) നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാ‍ർച്ച് 15നും 16നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിൽ എവേ ഗോൾ നിയമം ഉണ്ടായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുക. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും. മുംബൈ സിറ്റിയാണ് നിലവിലെ ചാമ്പ്യൻമാർ. 

ഐഎസ്എല്ലില്‍ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്‌സി പോരാട്ടമാണ്. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബിഎഫ്‌സി. സീസണിൽ രണ്ട് കളിയിൽ മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് 10 പോയിന്‍റുമായി അവസാന സ്ഥാനത്തും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചിരുന്നു.