Football Sports

ഐഎസ്എല്‍; ഹൈദരാബാദ്-എടികെ മോഹൻ ബഗാന്‍ സെമി ഇന്ന്, ഒഗ്ബചേ ശ്രദ്ധാകേന്ദ്രം

പനാജി: ഐഎസ്എൽ (ISL 2021-22) രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ (HFC vs ATKMB) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദ് (Hyderabad FC) നിരയില്‍ പരിക്കുമാറി എത്തുന്ന ബർത്തലോമിയോ ഒഗ്ബചേയാണ് (Bartholomew Ogbeche) മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. 

അടിയും തടയും ഒരുപോലെ അറിയുന്ന രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ലീഗ് റൗണ്ടിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എങ്കില്‍ മൂന്നാം സ്ഥാനത്തായിരുന്നു എടികെ മോഹൻ ബഗാന്‍. 20 കളിയിൽ 43 ഗോളടിച്ചാണ് ഹൈദരാബാദിന്‍റെ വരവ്. ഇതിൽ പതിനേഴും സ്വന്തം പേരിനൊപ്പം കുറിച്ച ബാർത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും എടികെ ബഗാന്‍റെ ഏറ്റവും വലിയ വെല്ലുവിളി. പരിക്കേറ്റ് അവസാന രണ്ട് കളിയിൽ നിന്ന് വിട്ടുനിന്ന ഒഗ്ബചേ തിരിച്ചെത്തുന്നത് ഹൈദരാബാദിന് നൽകുന്ന ആശ്വാസം ചെറുതല്ല. 

ഗോവയിൽ നിന്ന് റാഞ്ചിയ യുവാൻ ഫെറാൻഡോയ്ക്ക് കീഴിൽ കളിയും തന്ത്രങ്ങളും മാറ്റിയാണ് എടികെ ഇറങ്ങുന്നത്. 14 ഗോൾ നേടിയ ലിസ്റ്റൻ കൊളാസോ, മൻവീർ സഖ്യത്തിലാണ് കൊൽക്കത്തൻ ടീമിന്‍റെ പ്രതീക്ഷ. ഇവർക്കൊപ്പം റോയ് കൃഷ്ണയും ഡേവിഡ് വില്യംസും കൂടി ചേരുമ്പോൾ ഹൈദരാബാദിന്‍റെ പിൻനിരയ്ക്ക് പിടിപ്പത് പണിയായിരിക്കും. ലീഗ് റൗണ്ടിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. രണ്ടാപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജയം എടികെയ്ക്കൊപ്പം നിന്നു.