Sports

ചെന്നൈ വീര്യം; വീണ്ടും തോറ്റ് ഡല്‍ഹി

പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം മോഹിച്ചിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടിവാരത്തെ സ്ഥിരം ടീമായ ഡല്‍ഹിയെ തകര്‍ത്ത് നിലവില്‍ 2023ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തുകയും പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കൂള്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ സിഎസ്‌കെ 27 റണ്‍സിനാണ് ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 

ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാന്‍ ചെന്നൈയ്ക്കായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 9 ബോളില്‍ 20 റണ്‍സ് നേടിയ ധോണി ആരാധകരെ സന്തോഷിപ്പിക്കുകയും 167 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്തു. ചെന്നൈയ്ക്കുവേണ്ടി 12 പന്തില്‍ ദുബെ 25 റണ്‍സും റായിഡു 17 പന്തില്‍ 23 റണ്‍സും നേടി. ഡല്‍ഹിയ്ക്കുവേണ്ടി മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷാണ് തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ വാര്‍ണറെ നഷ്ടമായ ഡല്‍ഹി പിന്നീട് കളിയിലേക്ക് തിരിച്ചുവന്നതേയില്ല. മൂന്ന് വിക്കറ്റ് നേടിയ പതിരനയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചഹറും അടങ്ങുന്ന ചെന്നൈ ബൗളിംഗ് നിര ഡല്‍ഹി ബാറ്റിംഗിനെ എറിഞ്ഞിടുകയായിരുന്നു. വിജയത്തോടെ ഏഴ് വിജയവുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. 11 മത്സരങ്ങളില്‍ ഏഴും തോറ്റ ഡല്‍ഹി പത്താം സ്ഥാനത്ത് തുടരുന്നു.