Sports

അബ്ദുൽ ബാസിത്തും കെഎം ആസിഫും രാജസ്ഥാനിൽ; രോഹൻ കുന്നുമ്മലിന് ഇടമില്ല

വിഷ്ണു വിനോദിനു പിന്നാലെ രണ്ട് കേരള താരങ്ങൾക്ക് കൂടി ഐപിഎൽ കരാർ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്തും പേസർ കെഎം ആസിഫും അടിസ്ഥാനവിലയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. കെഎം ആസിഫിന് 30 ലക്ഷം രൂപയും അബ്ദുൽ ബാസിത്തിന് 20 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. അതേസമയം, ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്ന ഓപ്പണർ രോഹൻ കുന്നുമ്മലിനെ ഒരു ടീമും സ്വന്തമാക്കിയില്ല. രോഹനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ, സ്പിന്നർ എസ് മിഥുൻ എന്നിവരെയും ആരും വാങ്ങിയില്ല. 

മലയാളി താരങ്ങളെ കൂടാതെ ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഓസീസ് സ്പിന്നർ ആദം സാമ്പ എന്നിവരെയും രാജസ്ഥാൻ റോയൽസ് അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി. ജോ റൂട്ടിന് ഒരു കോടി രൂപയും ആദം സാമ്പയ്ക്ക് ഒന്നര കോടി രൂപയുമായിരുന്നു അടിസ്ഥാന വില. വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ (5.75 കോടി രൂപ), ഇന്ത്യൻ സ്പിന്നർ മുരുഗൻ അശ്വിൻ (20 ലക്ഷം രൂപ), ദക്ഷിണാഫ്രിക്കയുടെ എക്സ്പ്ലോസിവ് വിക്കറ്റ് കീപ്പർ ഡൊണവൻ ഫെരേര (50 ലക്ഷം) എന്നിവരെയും രാജസ്ഥാൻ ടീമിലെത്തിച്ചു.

ആദ്യ റൗണ്ടിൽ അൺസോൾഡായ ദക്ഷിണാഫ്രിക്കൻ കൂറ്റനടിക്കാരൻ റൈലി റുസോയെ 4.60 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മനീഷ് പാണ്ഡെ (2.40 കോടി), ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങുന്ന പേസർ മുകേഷ് കുമാർ (5.50 കോടി) എന്നിവരെയും ഡൽഹി സ്വന്തമാക്കി.

ആദ്യ റൗണ്ടിൽ അൺസോൾഡ് ആയ ബംഗ്ലാദേശ് താരങ്ങൾ ഷാക്കിബ് അൽ ഹസനും (1.50 കോടി) ലിറ്റൺ ദാസും (50 ലക്ഷം) കൊൽക്കത്തയിൽ കളിക്കും. നമീബിയൻ ഓൾറൗണ്ടർ ഡേവിഡ് വീസിനെയും (1 കോടി) കൊൽക്കത്ത ടീമിലെത്തിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ തകർത്തുകളിക്കുന്ന ഓൾറൗണ്ടർ വിവ്രാന്ത് ശർമയെ 2.60 കോടി രൂപ മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. മായങ്ക് അഗർവാൾ (8.25 കോടി), ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൻ (5.25 കോടി) എന്നിവരും ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ്.

അഫ്ഗാൻ ഓൾറൗണ്ടർ നവീനുൽ ഹഖ് (50 ലക്ഷം), സ്പിന്നർ അമിത് മിശ്ര (50 ലക്ഷം), ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ് (75 ലക്ഷം) എന്നിവർ ലക്നൗ സൂപ്പർ ജയൻ്റ്സിലാണ്.

അയർലൻഡ് പേസർ ജോഷ്വ ലിറ്റിലിനെ 4.40 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ പേസർ ശിവം മവിയ്ക്കായി 6 കോടി രൂപയാണ് നിലവിലെ ചാമ്പ്യന്മാർ മുടക്കിയത്. കെയിൻ വില്ല്യംസണും (2 കോടി) ഗുജറാത്തിലാണ്.