ലയണൽ മെസിയുടെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്.സി ഡാലസിനെ മറികടന്നു. ഇരട്ട ഗോൾ നേടി മെസി ടീമിന്റെ രക്ഷകനായി. ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയലായിരുന്നു മിയാമിയുടെ വിജയം.
ഇരു ടീമുകളും മികച്ചു നിൽക്കുന്ന മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചത് മയാമി ആയിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസിയിലൂടെ മിയാമി ലീഡ് എടുത്തു. ജോര്‍ഡി ആല്‍ബയില്‍ നിന്നുള്ള പാസ് ബോക്സിനു പുറത്ത് നിന്ന് വലയില്‍ എത്തിച്ചാണ് മെസി ഗോള്‍ നേടിയത്. എന്നാൽ 37 ആം മിനിറ്റിൽ ഫാകുണ്ടോ ക്വിഗ്നോണിൻ്റെ ഗോളിൽ സമനില പിടിച്ച ഡാലസ് 45 ആം മിനിറ്റിൽ ബെർണാഡ് കമുൻഗോയുടെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തി.
ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ഡാലസ് രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി. 63 ആം മിനിറ്റിൽ അലൻ വെലാസ്കോയുടെ ഫ്രീകിക്ക് നേരെ മിയാമി വലയിൽ. തൊട്ടടുത്ത മിനിറ്റില്‍ ഗോളടിച്ച് 18 കാരനായ ബെഞ്ച ക്രെമാഷി മയാമിക്ക് ആയി ഒരു ഗോൾ മടക്കി. മെസിയാണ് ഗോളിന് വഴിവച്ചത്. എന്നാൽ 68 ആം മിനിറ്റിൽ റോബർട്ട് ടെയ്ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി വീണ്ടും പ്രതിരോധത്തിൽ ആയി. 80-ാം മിനിറ്റിൽ ഡാലസ് ഡിഫൻഡർ മാർക്കോ ഫർഫാൻ സെൽഫ് ഗോൾ വഴങ്ങിയത് മയാമി പ്രതീക്ഷകൾക്ക് ജീവൻ നൽകി.
റോബർട്ട് ടെയ്ലറെ വീഴ്ത്തിയതിന് 85-ാം മിനിറ്റിൽ മിയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. യൗവ്വനകാലത്തെ അനുസ്മരിപ്പിക്കുന്ന മെസിയുടെ കിക്ക് ഡാലസ് വലയിലേക്ക്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഡാലസ് 4 മിയാമി 4. തൻ്റെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് ലയണൽ മെസി മിയാമിക്കായി നേടിയത്.