ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ. പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്സ് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോൽവിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി.
