Sports

ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടെന്നീസ് ടീം പാകിസ്ഥാനിൽ; പുതിയൊരു സൗഹൃദത്തിന് തുടക്കം

ആറു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ടെന്നിസ് ടീം പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ കളിക്കളത്തിൽ പുതിയൊരു സൗഹൃദത്തിനു തുടക്കമായി. ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ളേ ഓഫിൽ ഇസ് ലാമബാദിൽ പാക്കിസ്ഥാനെ നേരിടാനാണ് പത്തംഗ ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ എത്തിയത്. ഫെബ്രുവരി മൂന്നിനും നാലിനുമാണ് മത്സരം.1966ൽ ഡേവിസ് കപ്പിൽ പാകിസ്ഥാനെ അവരുടെ മണ്ണിൽ തോൽപിച്ച ശേഷം (4-0) ആദ്യമാണ് ഇന്ത്യൻ ടെന്നീസ് താരങ്ങൾ പാകിസ്ഥാനിൽ കളിക്കുക.

പാകിസ്ഥാനു പുറത്തൊരു വേദിക്കായി അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ ശ്രമിച്ചെങ്കിലും രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ വഴങ്ങിയില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനം പാകിസ്ഥാൻ സന്ദർശിച്ചത് 2008ൽ ഏഷ്യാ കപ്പ് കളിക്കാനാണ്. 2006 ൽ പാക്കിസ്ഥാൻ ഇന്ത്യ – പാക്ക് പരമ്പര സംഘടിപ്പിച്ചിരുന്നു. 2012 ൽ പാക് ടീം ഇന്ത്യയിലും എത്തിയിരുന്നു. ഒരു വ്യാഴവട്ടത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരം ഭിക്കാൻ ഇപ്പോഴത്തെ ടെന്നിസ് സൗഹൃദം കാരണമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഹോക്കിയിൽ മാത്രമാണ് ഇടയ്ക്കെക്കെങ്കിലും പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കുന്നത്.

ടെന്നീസ് പാകിസ്ഥാനിൽ അത്ര അധികം പ്രശസ്തമായ കളിയല്ല. പക്ഷേ, ഇന്ത്യയുടെ സന്ദർശനം ജൂനിയർ താര നിരയെ ഉണർത്തുമെന്ന് പാക്കിസ്ഥാൻ ടെന്നിസ് അധികൃതർ പ്രത്യാശിക്കുന്നു. 2018ൽ 2000 ജൂനിയർ താരങ്ങൾ ഉണ്ടായിരുന്നിടത്ത് ഇന്ന് പതിനായിരങ്ങൾ ആയെന്ന് കേൾക്കുന്നു.

രോഹൻ ബോപ്പണ്ണ പാകിസ്ഥാൻ്റെ ഐ സം ഉൽ ഹഖ് ഖുറേഷിയുമൊത്ത് ഗ്രാൻ സ്ലാം ടെന്നിസ് ഡബിൾസിൽ ശ്രദ്ധേയമായ കൂട്ടുകെട്ട് പടുത്തുയർത്തിയത് ലോക ശ്രദ്ധ നേടിയിരുന്നു. ഡബിൾസിൽ ലോക ഒന്നാം നമ്പർ ആയ ബോപ്പണ്ണ ഇത്തവണ ടീമിൽ ഇല്ല. മൊറോക്കോയ്ക്കെക്കെതിരായി നടന്ന മത്സരത്തോടെ ബോപ്പണ്ണ ഡേവിസ് കപ്പിൽ നിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചു. എന്നാൽ പാക്കിസ്ഥാൻ ടീമിൽ ഖുറേഷി കളിക്കുന്നുണ്ട്. ഇന്തോനേഷ്യയെ തോൽപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ നേരിടാൻ യോഗ്യത നേടിയത്. 2019 ൽ ഇന്ത്യയും പാകിസ്ഥാനും ഡേവിസ് കപ്പിൽ മത്സരിച്ചത് നിഷ്പക്ഷ വേദിയിലായിരുന്നു. നാല്പത്തി മൂന്നുകാരനായ ഖുറേഷിക്ക് ഇത് ഒരു പക്ഷേ, അവസാന ഡേവിസ് കപ്പ് ആകും. എങ്കിൽ ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ കളിച്ചു കൊണ്ടൊരു വിടവാങ്ങൽ അപൂർവ ഭാഗ്യമാകും.

2009 മാർച്ചിൽ പാക്കിസ്ഥാൻ സന്ദർശിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനു നേരെ ലഹോറിൽ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് പാകിസ്ഥാനിൽ സ്പോർട്സ് പര്യടനം വിവിധ രാജ്യങ്ങൾ ഒഴിവാക്കിയത്. 2017 വരെ ഡേവിസ് കപ്പ് കളിക്കാനും ആരും എത്തിയില്ല. 2017ൽ ഇറാനും 2021ൽ ജപ്പാനും ടീമിനെ അയച്ചതോടെയാണ് പാക്കിസ്ഥാനിൽ ടെന്നിസ് പ്രേമം വീണ്ടും ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങൾ തരംഗമാകാനാണു സാധ്യത.

ഇപ്പോൾ ഇന്ത്യ സന്ദർശിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടിയ ശുഐബ് ബഷീറിന്, പാകിസ്ഥാൻ ബന്ധത്തിൻ്റെ പേരിൽ വീസ വൈകിയിരുന്നു. ഇംഗ്ലണ്ടിലാണു ജനിച്ചതെങ്കിലും ബഷീറിൻ്റെ മാതാപിതാക്കൾ പാകിസ്ഥാൻകാരാണ്. കഴിഞ്ഞ വർഷം ഓസ്ട്രേട്രേലിയയുടെ ഉസ്മാൻ ഖവജയ്ക്കും വീസ കിട്ടാൻ വൈകി. ഖവജ ജനിച്ചത് പാകിസ്ഥാനിലാണ്. എന്തായാലും ഇന്ത്യൻ ഡേവിസ് കപ്പ് താരങ്ങൾക്ക് വീസ പ്രശ്നം ഉണ്ടായില്ല.

ഇനി ഇരു രാജ്യങ്ങളും ക്രിക്കറ്റ് പര്യടനം നടത്തുമോ? ബി.സി.സി.ഐക്ക് സ്വന്തമായി തീരുമാനമെടുക്കാനാവില്ല.കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കണം. ടെന്നിസിൽ ഉടലെടുത്ത പുത്തൻ സൗഹൃദം ഇതര കായിക ഇനങ്ങളിൽ പുതിയ ബന്ധത്തിനു വഴിതെളിക്കുമോ എന്നു കാത്തിരുന്നു കാണാം.