ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിലെത്തി. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ഇന്ത്യ ധാക്കയിലെത്തിയത്. വിവരം ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. മലയാളി താരം മിന്നു മണി ടി-20 ടീമിൽ ഇടം നേടിയിട്ടുണ്ട്
ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.
24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്.
ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദന, ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സബ്ബിനേനി മേഘ്ന, പൂജ വസ്ട്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.