Sports

‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ

പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തുമെന്നും പാക് മുൻ താരം ഷോയിബ് അക്തർ. പാക് ടീമിനേയും ഇന്ത്യൻ ടീമിനേയും ഒരുപോലെ വിമർശിച്ചുകൊണ്ടുള്ള സെൽഫി വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രവചനം. ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് അക്തർ ഉന്നയിച്ചത്.

‘ഇത് വല്ലാതെ നിരാശപ്പെടുത്തുന്നു. പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തും. അവർ അത്ര നല്ല ടീമൊന്നും അല്ല, പാകിസ്താൻ താരങ്ങളുടെ പ്രകടനം ശരാശരി മാത്രമാണ്. ഗുണമില്ലാത്ത കളിക്കാരെ തെരഞ്ഞെടുക്കുന്നത് തുടർന്ന് നിങ്ങൾ ആസ്വദിക്കുക. നല്ലവരെ എടുക്കുകയേ അരുത്. ഞാൻ എന്നേക്കുറിച്ചല്ല പറയുന്നത്. ജോലിയെനിക്ക് പ്രശ്‌നമല്ല. ഇതൊക്കെ കാരണം അനുഭവിക്കുന്നത് രാജ്യമാണ് എന്നതാണ് എന്റെ പ്രശ്‌നം. നിങ്ങൾ എല്ലാം നശിപ്പിച്ചു’ അക്തർ അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് രണ്ടിൽ അഞ്ചാമതാണ് പാകിസ്താന്റെ സ്ഥാനം. മൂന്ന് കളി കൂടി ബാബർ അസമിനും കൂട്ടർക്കും അവശേഷിക്കുന്നുണ്ട്. ഞായറാഴ്ച്ചത്തെ മത്സരത്തിൽ പാക് ടീം നെതർലൻഡ്‌സിനെ നേരിടും. ഈ കളി കൂടി തോറ്റാൽ ടി 20 ലോകകപ്പിൽ നിന്ന് പുറത്താകും.