ലോകകപ്പ് പ്രതീക്ഷ സജീവമാക്കാന്‍ കളത്തിലിറങ്ങിയ നീലക്കടുവകള്‍ക്ക് തിരിച്ചടി. മുഴുവന്‍ സമയത്തും ഓരോ ഗോളോടു കൂടി ഇരു ടീമും സമനില വഴങ്ങുകയായിരുന്നു. റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ബംഗ്ലാദേശ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ തളച്ചുവെന്ന വേണം പറയാന്‍. സാള്‍ട്ട്ലേക്കിനെ നിശബ്ദമാക്കിക്കൊണ്ട് ആദ്യ പകുതിയില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് സ്കോർ ചെയ്ത ബംഗ്ലാദേശ് ആ ലീഡ് 89-ആം മിനുട്ട് വരെ നിലനിര്‍ത്തി. ഈ അവസരത്തിലെല്ലാം ഇന്ത്യ സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി വഴങ്ങുമോ എന്ന ആശങ്ക പോലും ഉണര്‍ന്നിരുന്നു. കളിയുടെ മുഴുവന്‍ സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് സ്കോര്‍ ചെയ്ത് ആദില്‍ ഖാന്‍ ഇന്ത്യയെ ഒപ്പമെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിലെ 42ആം മിനിറ്റില്‍ ഫാർ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ ഫ്രീ കിക്ക് കുത്തിയകറ്റാൻ ശ്രമിച്ച ഗുർപ്രീതിനു സംഭവിച്ച പിഴവില്‍ നിന്ന് സ്കോര്‍ ചെയ്യുകയായിരുന്നു ബംഗ്ലാദേശ്. ആദ്യ ഗോള്‍ വഴങ്ങിയ ഇന്ത്യ പന്ത് അലസമായി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്. ഒറ്റപ്പെട്ട ചില നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലെത്തിക്കാന്‍ ഇന്ത്യന്‍ മുന്നേറ്റ നിരക്ക് കഴിഞ്ഞില്ല. ബംഗ്ലാദേശ് നടത്തിയ കൗണ്ടറുകള്‍ പിന്നെയും ഇന്ത്യന്‍ ബോക്സില്‍ അപകടം വിതക്കുന്നത് കണ്ടതോടെ ഇന്ത്യ തന്ത്രം മാറ്റി. ചെറു പാസുകളിലൂടെ കളി മുന്നോട്ടു നീക്കിയ ഇന്ത്യ സാവധാനം കളിയിലേക്ക് മടങ്ങി വരികയായിരുന്നു. എങ്കിലും ഗോള്‍ മാത്രം അകന്നു നിന്നതോടെ നാട്ടില്‍ കാണികള്‍ക്കു മുന്നില്‍ പരാജയം മണക്കുമോ എന്ന ഭീതി ഇന്ത്യന്‍ ക്യാമ്പില്‍ ഉണര്‍ന്നു. 89ആം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്‍റെ കോര്‍ണറിനു പാകത്തിനു തല വെച്ച് ആദില്‍ ഖാന്‍ ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചു. 5 മിനിറ്റ് നീട്ടി കിട്ടിയ ഇന്‍ജുറി ടൈമില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന ബംഗ്ലാദേശ് അവിസ്മരണീയമായ സമനില സ്വന്തം പേരിലാക്കി.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ മാത്രമേ ലോകകപ്പ് യോഗ്യത നേടൂ എന്നിരിക്കെ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ടു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ബംഗ്ലാദേശ് ആകട്ടെ അവസാന സ്ഥാനത്തും.