Sports

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗന്‍ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിയും

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കി എഫ്‌സി ബാഴ്സലോണ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതിന് പിന്നിൽ ഗുണ്ടോയുടെയും നിർണായകമായ പങ്കുണ്ട്. സിറ്റിയുമായുള്ള കരാർ ഈ വർഷം അവസാനിച്ചിരുന്നു. തുടർന്ന്, കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിൽ താരമെത്തുകയും ബാഴ്സലോണയുമായി കരാർ ഒപ്പിടുകയും ചെയ്തു. രണ്ടു വർഷത്തെ കരാറിലാണ് ഗുണ്ടോഗന്‍ ബാഴ്സക്കായി പന്ത് തട്ടുക. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

ക്ലബ്ബുമായി ചർച്ചകൾ നടത്തിയിരുന്ന ലയണൽ മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതാണ് എത്രയും വേഗം ഗുണ്ടോഗനെ ടീമിലേക്കെത്തിക്കാൻ ബാഴ്‌സയെ പ്രേരിപ്പിച്ചത്.

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷം ആദ്യം ടീമിലെത്തിച്ച താരമായിരുന്നു ഗുണ്ടോഗന്‍. ഇതിഹാസ ത്യുല്യമായ കരിയറായിരുന്നു സിറ്റിയിൽ ഗുണ്ടോഗന്റേത്. 304 മത്സരങ്ങളിൽ നിന്നും ഈ മധ്യനിര താരം നേടിയത് 60 ഗോളുകളും 40 അസിസ്റ്റുകളും. ഈ സീസണിന്റെ അവസാന ഘട്ടത്തിൽ സിറ്റിയുടെ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ട് നിറം മങ്ങിയപ്പോൾ ടീമിനായി ഗോളുകൾ നേടുക എന്ന കടമ നിർവഹിച്ചതും ഗുണ്ടോഗനായിരുന്നു. ഏഴ് വർഷത്തിൽ സിറ്റിക്ക് ഒപ്പം നേടിയത് 14 കിരീടങ്ങൾ. അതിൽ അഞ്ച് പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു.

സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളമൊഴിഞ്ഞെങ്കിലും പെഡ്രി, ഫ്രെങ്കി ഡി ജോങ്, ഗാവി, ഫ്രാങ്ക് കെസി, സെർജി റോബർട്ടോ എന്നിവർ നിയന്ത്രിക്കുന്ന ബാഴ്സയുടെ മധ്യനിരയിലേക്ക് ഗുണ്ടോഗനെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷയേറെ.