ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്സി. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്. ബാർതലോമ്യു ഓഗ്ബച്ചെ ഹാട്രിക്ക് നേടിയപ്പോൾ അനികേത് ജാദവും ഹൈദരാബാദിനായി ഗോൾ പട്ടികയിൽ ഇടം നേടി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.
21ആം മിനിട്ടിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഓഗ്ബച്ചെയാണ് സ്കോറിംഗ് ആരംഭിച്ചത്, 44ആം മിനിട്ടിൽ ഓഗ്ബച്ചെ രണ്ടാം ഗോൾ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അനികേത് ജാദവ് കൂടി വല തുളച്ചതോടെ ഹൈദരാബാദ് ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് ഗോൾ ലീഡെടുത്തു. 74ആം മിനിട്ടിൽ ഓഗ്ബച്ചെ ഹാട്രിക്ക് തികച്ചു. കളിയുടെ അവസാനത്തിൽ ഈസ്റ്റ് ബംഗാളിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ ഫ്രാഞ്ചോ പ്രസിനു സാധിച്ചില്ല.
ഇന്നത്തെ ഹാട്രിക്കോടെ ഓഗ്ബച്ചെയ്ക്ക് സീസണിൽ 12 ഗോളുകൾ ആയി. സീസണിൽ ഏറ്റവുമധികം സ്കോർ നേടിയ താരമാണ് ഓഗ്ബച്ചെ. മൂന്ന് സീസണുകളായി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഭാഗമായ ഓഗ്ബച്ചെ ആകെ 47 ഗോളുകളാണ് ഇതുവരെ നേടിയത്. ഒരു ഗോൾ കൂടെ നേടിയാൽ താരത്തിന് ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആകാം.
ജയത്തോടെ ഹൈദരാബാദിന് 12 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റായി. 11 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിനും 20 പോയിൻ്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസമാണ് ഹൈദരാബാദിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇന്നത്തെ കളിയിലെ പരാജയത്തോടെ ഈസ്റ്റ് ബംഗാൾ വീണ്ടും പട്ടികയിൽ അവസാന സ്ഥാനത്തായി.