Football Sports

റൊണാള്‍ഡോയെ പുകഴ്‍ത്തി ഹിഗ്വെയ്ന്‍; യുവന്റസില്‍ തുടരും

ഈ സീസണില്‍ യുവന്റസിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോൺസാലോ ഹിഗ്വെയ്ൻ. ചെൽസിയുമായുള്ള വായ്പാ കരാർ അവസാനിച്ചതിനുശേഷം താൻ യുവന്റസ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഹിഗ്വെയ്ൻ പറഞ്ഞു. ”യുവന്റസില്‍ തിരിച്ചെത്തിയ ശേഷം എനിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. യുവന്റസിൽ തുടരാനായിരുന്നു എനിക്ക് ഇഷ്ടം. ഞാൻ തിരിച്ചെത്തിയപ്പോൾ ആരും എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെ ജോലിക്ക് വന്നു, ഇനി എന്റെ മൂല്യം എന്താണെന്ന് തെളിയിക്കാനുള്ള ശ്രമമാണ്. അവർ ഒരു മികച്ച ടീമാണ്. വലിയൊരു ആരാധകവൃന്ദവുമുണ്ട്. ഇവിടെ തുടരാന്‍ എനിക്ക് സന്തോഷമേയുള്ളു.” – ഹിഗ്വെയ്ൻ പറഞ്ഞു.

റൊണാള്‍ഡോയുമായി വീണ്ടും ഒരുമിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഹിഗ്വെയ്ൻ കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ കളിച്ചതിനേക്കാൾ കൂടുതൽ സമ്പൂർണ്ണ കളിക്കാരനായി മാറിയെന്ന് ഹിഗ്വെയ്ൻ പറഞ്ഞു. “ഞാൻ വർഷങ്ങളായി ക്രിസ്റ്റ്യാനോയുമായി കളിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് നിർത്തിയപ്പോൾ അവൻ ചെറുപ്പമായിരുന്നു. എല്ലാം നേടാനും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനുമുള്ള അഭിലാഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമ്പൂർണ്ണ കളിക്കാരനായി അവന്‍ മാറികഴിഞ്ഞു. അവനുമായി വീണ്ടും ഒരുമിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.” ഹിഗ്വെയ്ൻ പറഞ്ഞു.

തന്റെ ജേഴ്‍സി നമ്പർ ഒൻപതിൽ നിന്ന് 21 ആക്കി മാറ്റാനുള്ള തീരുമാനവും ഹിഗ്വെയ്ൻ വെളിപ്പെടുത്തി. ഇത് തന്റെ ഇഷ്ടപ്രകാരമാണെന്നും ഹിഗ്വെയ്ൻ കൂട്ടിച്ചേര്‍ത്തു. തന്റെ മകൾ ജനിച്ച ദിവസമാണ് മെയ് 21, 2018. എല്ലാ കളികളിലും അവളെ എന്നോടൊപ്പം കൊണ്ടുപോകാനുള്ള ഒരു ചെറിയ മാർഗ്ഗം കൂടിയാണിത്. ഇത് തന്റെ ഹൃദയത്തിൽ നിന്ന് എടുത്ത തീരുമാനമാണ്. ഇത് എനിക്ക് ഭാഗ്യം കൊണ്ടുവരും. അതാണ് താൻ 21 തിരഞ്ഞെടുത്തതിന്റെ സത്യമെന്നും ഹിഗ്വെയ്ൻ പറഞ്ഞു. 2018-19 സീസൺ എസി മിലാനിലും ചെൽസിയിലും വായ്പാ താരമായിരുന്നു ഹിഗ്വെയ്ൻ.