Sports

ഗോകുലം -ചര്‍ച്ചില്‍ കളിയുടെ വരുമാനം ധനരാജിന്റെ കുടുംബത്തിന്

ഐ ലീഗില്‍ ഗോകുലം എഫ്.സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കും. വരുന്ന 26ന് റിപബ്ലിക് ദിനത്തില്‍ കോഴിക്കോട് വെച്ചാണ് ഗോകുലം ചര്‍ച്ചില്‍ മത്സരം. മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ധനരാജന്‍ കഴിഞ്ഞ മാസമാണ് സെവന്‍സ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

ഗോകുലം ചര്‍ച്ചില്‍ മത്സരത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്നും ആ ടിക്കറ്റ് കൂടി വിറ്റഴിക്കുമെന്നും ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മത്സരദിവസത്തെ മുഴുവന്‍ വരുമാനവും ധനരാജിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചെന്നും ധനരാജിന്റെ കുടുംബത്തെ മത്സരം കാണാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഗോകുലം എഫ്.സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു.ധനരാജിന്റെ കുടുംബത്തെ സഹായിക്കുകയെന്നത് ഫുട്‌ബോള്‍ ക്ലബ് എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴ് കളി കഴിഞ്ഞപ്പോള്‍ ഐ ലീഗില്‍ ഗോകുലം എഫ്.സി പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഗോള്‍ നിരക്കിന്റെ ആനുകൂല്യത്തില്‍ നാലാംസ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സിനും പത്ത് പോയിന്റാണുള്ളത്. ഗോകുലത്തേക്കാള്‍ ഒരു കളി കുറവാണ് ചര്‍ച്ചില്‍ കളിച്ചിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള പോരാട്ടവും തീപാറുമെന്നുറപ്പ്. എട്ട് കളികളില്‍ നിന്നും 17 പോയിന്റുമായി മോഹന്‍ ബഗാനാണ് മുന്നിലുള്ളത്.