Sports

‘ഏഴ് നോ ബോൾ എറിയുകയെന്നാൽ ഒരു ഓവർ അധികമെറിയും പോലെ’; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ

ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ മോശം പ്രകടനം നടത്തിയ പേസർ അർഷ്ദീപ് സിംഗിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഏഴ് നോ ബോളുകൾ എറിയുകയെന്നാൽ ഒരു ഓവർ അധികം എറിയുകയാണ്. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തതിനു ശേഷമേ രാജ്യാന്തര മത്സരം കളിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

“ഏഴ് പന്തുകൾ, അത് 21 ഓവറുകളെക്കാൽ കൂടുതൽ എറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയും മോശം ഷോട്ടുകൾ കളിക്കുകയും ചെയ്യും. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ രാജ്യാന്തര മത്സരം കളിക്കരുത്. ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തിട്ട് തിരികെവരണം. കാരണം, നോ ബോളുകൾ ഒരിക്കലും സ്വീകരിക്കാനാവില്ല. പരുക്കേറ്റ് ഏറെക്കാലം പുറത്തിരുന്നാൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് 15-20 ഓവറുകൾ എറിഞ്ഞിട്ട് വേണം രാജ്യാന്തര മത്സരം കളിക്കാൻ.”- ഗംഭീർ പറഞ്ഞു.

ശ്രീലങ്കക്കെതിരെ 2 ഓവർ മാത്രം എറിഞ്ഞ അർഷ്ദീപ് 5 ബോളുകൾ സഹിതം 37 റൺസാണ് വഴങ്ങിയത്. ശിവം മവിയും ഉമ്രാൻ മാലിക്കും ഓരോ നോ ബോളുകൾ കൂടി എറിഞ്ഞതോടെ ഇന്ത്യ ആകെ എറിഞ്ഞത് ഏഴ് നോ ബോളുകൾ. മത്സരത്തിൽ ഇന്ത്യ 16 റൺസിന് പരാജയപ്പെട്ടിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു.