കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആദ്യ രണ്ട് ഡിവിഷനുകളിലേയും എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കാനാണ് ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും തീരുമാനം…
കൊറോണ വൈറസ് പകരുന്നത് തുടരുന്ന സാഹചര്യത്തില്‍ ജര്‍മ്മനിയിലേയും ഫ്രാന്‍സിലേയും ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ആദ്യ രണ്ട് ഡിവിഷനുകളിലേയും മത്സരങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനാണ് തീരുമാനം. ടീമുകളിലെ കളിക്കാരും ഒഫീഷ്യലുകളും അടക്കമുള്ളവര്‍ കോവിഡ് 19 നിരീക്ഷണത്തിലായതോടെയാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
നിരവധി ഫുട്‌ബോള്‍ ക്ലബുകളിലെ കളിക്കാരിലും ഒഫീഷ്യലുകളിലും അടക്കം കോവിഡ് 19 ബാധിച്ചെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ്(DFL) വിശദീകരിക്കുന്നത്. ജര്‍മ്മന്‍ ലീഗായ ബുണ്ടസ് ലിഗ 1ഉം 2ഉം ഡിവിഷനുകളിലെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ട് വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
നേരത്തെ ജര്‍മ്മന്‍ രണ്ടാം ഡിവിഷന്‍ ക്ലബായ ഹാനോവറിന്റെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലബിന്റെ മത്സരം റദ്ദാക്കിയിരുന്നു. ഈ ആഴ്ച്ചയിലെ ബുണ്ടസ് ലിഗ മത്സരങ്ങള്‍ കാണികളെ ഒഴിവാക്കി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കളിക്കാര്‍ കൂടി കൊറോണ നിഴലിലായതോടെ മത്സരങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
ഫ്രഞ്ച് ഫുട്‌ബോള്‍ നിയന്ത്രണ സമിതിയായ എല്‍.എഫ്.പിയും(Ligue de Football Professionnel) ആദ്യ രണ്ട് ഡിവിഷനുകളിലെ മത്സരങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സമിതിയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി എടുത്തതീരുമാനമാണിതെന്ന് പ്രതിനിധികള്‍ പിന്നീട് അറിയിച്ചു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയും കൊറോണ വൈറസ് ബാധ തടയുകയുമാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനമെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഫ്രാന്‍സില്‍ ആയിരത്തിലേറെ പേര്‍ കൂട്ടംകൂടുന്നത് നേരത്തെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ഫുട്‌ബോള്‍ മത്സരങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 17നും 18നും നടക്കേണ്ട ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും അടക്കമുള്ള യൂറോപ്പിലെ പ്രധാന ക്ലബ് മത്സരങ്ങള്‍ നീട്ടിവെക്കുന്നതായി യുവേഫ അറിയിച്ചിരുന്നു.