സീരി എ ജേതാക്കളായ ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി കരാർ പുതുക്കാനൊരുങ്ങി സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഒരു സീസണിലേക്ക് കൂടി താരം ക്ലബിൽ തുടരുമെന്നാണ് സൂചന. 2020 സീസണിൽ മിലാനിലെത്തിയ ഇബ്ര ക്ലബിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ മിലാൻ ലീഗ് ചാമ്പ്യന്മാരായതിനു പിന്നിലും ഇബ്രയുടെ പ്രകടനങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ഇബ്ര എട്ട് ഗോളുകൾ നേടി. നിലവിൽ കാൽമുട്ടിനു പരുക്കേറ്റ ഇബ്ര വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ താരം ഇനി കളിച്ചേക്കില്ലെന്നും വിരമിക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഒരു സീസൺ കൂടി താരം കളത്തിൽ തുടർന്നേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരുക്കേറ്റതിനെ തുടർന്ന് മാസങ്ങളോളം പുറത്തിരിക്കുമെന്നതിനാൽ താരം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന.